Kerala

കേരളാ കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറി; മന്ത്രിയ്‌ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റായ നേതാവ്; 25-ാം വയസ്സിൽ എംഎൽഎ; പഞ്ചാബ് മോഡലിലെ രാജി; കൂറുമാറ്റത്തിൽ കുടുങ്ങിയ എംഎൽഎ; അഴിമതി കേസിൽ ജയിലിലായ കേരളത്തിലെ ഏക മന്ത്രി; രാഷ്ട്രീയത്തോടൊപ്പം അഭിനയവും പയറ്റിയ കൊട്ടാരക്കരയിലെ കൊമ്പൻ; ബാലകൃഷ്ണപിള്ള വിടവാങ്ങുമ്പോൾ

കൊല്ലം: കേരള രാഷ്ട്രീയത്തിലെ അതികായൻ. മകൻ ഗണേശ് കുമാറിന് കോവിഡ് ബാധിച്ചപ്പോൾ തെരഞ്ഞെടുപ്പ് എത്തി. അന്ന് അസുഖ അവശതകൾ മറന്ന് പ്രചരണത്തിന് ഇറങ്ങിയ രാഷ്ട്രീയ മനസ്സ്. ഇങ്ങനെ രക്തത്തിൽ രാഷ്ട്രീയവും അധികാരവും ലയിപ്പിച്ച വ്യക്തിയായിരുന്നു ബാലകൃഷ്ണ പിള്ള. മുന്മന്ത്രിയായ ആർ.ബാലകൃഷ്ണപിള്ള അന്തരിക്കുമ്പോൾ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത യുഗമാണ്. കൊട്ടാരക്കരയിലെ കൊമ്പൻ എന്ന വിശേഷണമായിരുന്നു ബാലകൃഷ്ണ പിള്ളയ്ക്ക് കേരള രാഷ്ട്രീയം കൽപ്പിച്ചു നൽകിയ പദവി.

യുഡിഎഫിലും എൽഡിഎഫിലും പ്രവർത്തിച്ച വ്യക്തിയാണ് പിള്ള. അച്യുതമേനോൻ, നായനാർ, കരുണാകരൻ, ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. കൊട്ടാരക്കരയിൽ നിന്ന് തുടർച്ചയായി ജയിച്ച ജനകീയൻ. എൻ എസ് എസുമായി ഏറെ അടുപ്പമുണ്ടായിരുന്ന പിള്ള പത്തനാപുരം എൻ എസ് എസ് യൂണിയൻ നേതാവുമായിരുന്നു. പത്തനാപുരത്തും കൊട്ടാരക്കരയിലും സമുദായ സമവാക്യങ്ങൾ അനുകൂമാക്കി രാഷ്ട്രീയത്തിൽ ജയിച്ചു കയറിയ പിള്ള രാഷ്ട്രീയ തന്ത്രങ്ങളുടെ ആശാനായാണ് അറിയപ്പെട്ടിരുന്നത്. സോളാർ കേസിലാണ് യുഡിഎഫുമായി അകലുന്നതും പിന്നീട് ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നതും.

മരിക്കുമ്പോൾ പിള്ളയ്ക്ക് 87 വയസായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറിയാണ്. 1960ൽ ഇരുപത്തഞ്ചാം വയസിൽ എംഎൽഎയായി. എക്‌സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ പോയ കേരളത്തിലെ ആദ്യ മുൻ മന്ത്രിയും കൂറുമാറ്റ നിരോധനനിയമത്തിന്റ പേരിൽ അയോഗ്യനാക്കപ്പട്ട ഏക എംഎ‍ൽഎയും ബാലകൃഷ്ണപിള്ളയാണ്. അങ്ങനെ വിശേഷങ്ങൾ അനവദിയാണ്. പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച ചരിത്രവും പിള്ളയ്ക്കുണ്ട്.

മന്ത്രിയെന്ന നിലയിൽ കർശന സ്വഭാവക്കാരനായിരുന്നു പിള്ള. കെ എസ് ആർ ടി സിയിൽ നടത്തിയ പരിഷ്‌കാരങ്ങൾ ഏറെ. പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. 'പഞ്ചാബ് മോഡൽ പ്രസംഗം' എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ ഒരു സന്ദർഭത്തിൽ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം. ഇടമലയാർ കേസിൽ സുപ്രീം കോടതി ഒരു വർഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് ആർ ബാലകൃഷ്ണപ്പിള്ള.

എന്നാൽ, ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ഇദ്ദേഹത്തെ വിട്ടയച്ചു. 69 ദിവസത്തെ ജയിൽ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആശുപത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയിൽ ശിക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദമായതിനെത്തുടർന്ന് ശിക്ഷാ ഇളവിൽ നാല് ദിവസം നേരത്തേ വെട്ടിക്കുറച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി പിണറായി നിയമിക്കുകയും ചെയ്തു.

കൊല്ലം ജില്ലയിലെ കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായി കൊട്ടാരക്കരയിൽ ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയത്. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായിരുന്നു. 1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 11 വർഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്‌സൈസ്, ജയിൽ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തി. 1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്. 1991-95, 2001-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.

1971-ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി കൊട്ടാരക്കരയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഴിമതിക്കേസിൽ അയോഗ്യത വന്ന ശേഷം അദ്ദേഹത്തിന് മത്സരിക്കാനായില്ല. 2006ൽ കൊട്ടാരക്കരയിൽ അയിഷാ പോറ്റിയോട് തോൽക്കുകയും ചെയ്തു. മകൻ ഗണേശ് കുമാറിനെ പത്തനാപുരത്ത് സ്ഥാനാർത്ഥിയാക്കിയതും ജയിപ്പിച്ചതും പിള്ളയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയം കൂടിയായിരുന്നു.

രാഷ്ട്രീയത്തിനു പുറമെ സിനിമയിലും ഒരുകൈ നോക്കിയിട്ടുണ്ട് ആർ ബാലകൃഷ്ണപിള്ള. 'ഇവളൊരു നാടോടി' എന്ന ചിത്രത്തിലൂടെയാണ് ബാലകൃഷ്ണപിള്ള സിനിമയിൽ മുഖം കാണിക്കുന്നത്. കലാനിലയം കൃഷ്ണൻ നായർ നിർമ്മിച്ച 'നീലസാരി'യിലും ചെറിയ വേഷത്തിലെത്തി. 1980ൽ നാൽപ്പത്തിയഞ്ചാം വയസ്സിൽ കെ.എ. ശിവദാസ് സംവിധാനം ചെയ്ത് സുകുമാരൻ നായകനായ 'വെടിക്കെട്ടി'ലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. 'വെടിക്കെട്ടി'ൽ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി. അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചിത്രത്തിലെ ചില രംഗങ്ങൾ ചിത്രീകരിച്ചത്. പിന്നീടും സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നും അവസരങ്ങൾ തേടിയെത്തിയെങ്കിലും രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കാനായിരുന്നു പിള്ളയുെട തീരുമാനം.

പരേതയായ ആർ. വൽസലയാണ് ഭാര്യ. ഉഷ മോഹൻദാസ്, കെ.ബി.ഗണേശ്‌കുമാർ എംഎൽഎ, ബിന്ദു ബാലകൃഷ്ണൻ എന്നിവർ മക്കൾ. മരുമക്കൾ: കെ.മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേശ് ( ദുബായ്), ടി.ബാലകൃഷ്ണൻ ( മുൻ അഡീഷനൽ ചീഫ് സെക്രട്ടറി). 

Read more topics:
Show More

Related Articles

Close