News

ശബരിമല വിശാലബഞ്ചിലേക്ക് വിട്ടതിന് പിന്നാലെ റഫാലിൽ റിവ്യൂ ഹർജികൾ തള്ളി; റിലയൻസിനു സർക്കാർ നേട്ടമുണ്ടാക്കി കൊടുത്തതായി തെളിവില്ല

റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഇടപാടില്‍ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തിലെ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും തള്ളി. ഭാവിയില്‍ രാഹുല്‍ കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. അഭിഭാഷകരായ എം.എല്‍. ശര്‍മ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എ.എ.പി. നേതാവുമായ സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി. നേതാക്കളുമായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൗരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്.

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് സംബന്ധിച്ചു ഡിസംബര്‍ 14-ലിലെ വിധിയില്‍ ഉണ്ടായ തെറ്റായ പരാമര്‍ശം തിരുത്തണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയും കോടതി അംഗീകരിച്ചു.ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്നു 36 യുദ്ധവിമാനങ്ങള്‍ 59.000 കോടി രൂപയ്ക്കു വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍ 14-ന് സുപ്രീം കോടതി തള്ളിയിരുന്നു. ഇടപാടില്‍ സംശയിക്കത്തക്കതായി ഒന്നും ഇല്ലെന്നും കോടതി വ്യക്തമാക്കി. റിലയന്‍സിനു സര്‍ക്കാര്‍ നേട്ടമുണ്ടാക്കി കൊടുത്തതായി തെളിവില്ലെന്നു നിരീക്ഷിച്ച കോടതി യുദ്ധവിമാനങ്ങളുടെ വില പരിശോധിക്കല്‍ തങ്ങളുടെ പരിധിയിലല്ലെന്നും പറഞ്ഞു.

ഇതിനെതിരെയായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍. റഫാല്‍ വിഷയത്തെക്കുറിച്ച് സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്നും അതു പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നുമാണ് ഡിസംബറിലെ വിധിയില്‍ കോടതി പറഞ്ഞത്. ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ സുപ്രീംകോടതിക്കു മുന്‍പാകെ മറച്ചുവച്ചെന്ന് പുനപരിശോധനാ ഹര്‍ജികളില്‍ ആരോപിക്കുന്നു. കോടതിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളസാക്ഷ്യത്തിനു നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. കോടതിയില്‍നിന്നു തെളിവുകള്‍ മറച്ചുവച്ചത് പ്രഥമദൃഷ്ട്യാ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കുറ്റമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം ദേശസുരക്ഷയ്ക്കാണു പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു കേന്ദ്ര വാദം.

മോദി സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, എന്നിവരാണു പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. അഴിമതി ആരോപിച്ച് അഭിഭാഷകരായ എം.എല്‍. ശര്‍മ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എഎപി അംഗവുമായ സഞ്ജയ് സിങ് തുടങ്ങിയവരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മേയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

 

Read more topics: # rafal, # rafal verdict, # rafal case,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close