News

ശാന്തൻപാറയിലെ കൊലയ്ക്ക് പിന്നിൽ ഭാര്യയും കാമുകനും തന്നെ

രാജകുമാരി: ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിക്കാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ് ഫാം ഹൗസിനു 100 മീറ്റര്‍ അകലെ ജലസംഭരണിയുടെ സമീപത്ത് 6 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാമിലെ ഒരു പശുക്കുട്ടി ചത്തു എന്നും അതിനെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണു കൂടി ഇടണമെന്നും സമീപവാസിയായ, മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു. ഇതിനൊപ്പം റിജോഷിനെ കാണാതായതു കൂടി ചേര്‍ത്ത് വായിച്ച നാട്ടുകാരുടെ സംശയമാണ് കൊലപാതകം പുറത്തുവരാന്‍ നിര്‍ണ്ണായകമായത്. പിടിക്കുമെന്ന് ഉറപ്പായപ്പോഴാണ് വില്ലനായ വസീം നാടുവിട്ടത്. പോകുമ്പോള്‍ റിജോഷിന്റെ ഭാര്യ ലിജിയേയും രണ്ട് വയസ്സുള്ള മകളേയും കൂടെ കൂട്ടി.

റിജേഷിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ വസീം തെളിവുകള്‍ നശിപ്പിക്കാനും പിടിക്കപ്പെടാതിരിക്കാനും തന്ത്രങ്ങള്‍ ഒരുക്കി. റിജോഷ് നാടുവിട്ടുവെന്ന് വരുത്താനായിരുന്നു ഇതെല്ലാം. എന്നാല്‍ ഈ തെളിവുകള്‍ വസീമിന് തന്നെ വിനയായി. മൃതദേഹം മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചാല്‍ അന്വേഷണം തന്നിലേയ്ക്ക് എത്തുമെന്നുറപ്പുള്ള വസീം നിര്‍മ്മാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേര്‍ന്നുള്ള കുഴിയില്‍ മൃതദേഹം ഉപേക്ഷിച്ച് മണ്ണിട്ട് മൂടി. തുടര്‍ന്ന് ജെ.സി.ബി ഓപ്പറേറ്ററെ വിളിച്ച് കുഴിയില്‍ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടാനും ആവശ്യപ്പെട്ടു.

തുടര്‍ന്ന് തൃശൂരിലുള്ള സഹോദരനെ വിളിച്ച് റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേയ്ക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം കോഴിക്കോട്ടുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫോണില്‍നിന്നും ലിജിയുടെ ഫോണിലേയ്ക്ക് കോളുകള്‍ ചെയ്യിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ചപ്പോള്‍ തെളിവായി ഈ കോളുകള്‍ കാണിച്ച് റിജോഷ് തൃശൂരില്‍നിന്നും കോഴിക്കോട്ടുനിന്നും തന്നെ വിളിച്ചിരുന്നതായി ലിജി തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ പൊലീസ് ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ വസീമിന്റെ സഹോദരനും മറ്റൊരാള്‍ ഇയാളുടെ സുഹൃത്തുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

ഈ മാസം 2 ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി കൂടുതല്‍ മണ്ണിട്ടു നികത്തുകയതും വിനയായി. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററുടെ മൊഴി അനുസരിച്ചാണ് പൊലീസ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്റെ സാന്നിധ്യത്തില്‍ ഇന്നലെ മണ്ണു മാറ്റി പരിശോധന നടത്തിയത്. പൊലീസ് നായ കൃത്യമായി സ്ഥലവും കാണിച്ചു നല്‍കി. ഇതോടെ ഇവിടെ മൃതദേഹമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. പൊലീസ് നായ ജെനിയും അങ്ങനെ അന്വേഷണത്തില്‍ പങ്കാളിയായി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

ഒരാഴ്ച മുമ്പ് കാണാതായ ജീവനക്കാരന്റെ പകുതി കത്തിയ മൃതദേഹം ഫാം ഹൗസ് വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതോടെ കൊലപാതക ചിത്രം വ്യക്തമായി. ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷിന്റെ(31) മൃതദേഹമാണ് പുത്തടിക്ക് സമീപം മഷ്റൂംഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തില്‍നിന്ന് പൊലീസിന്റെ നേതൃത്വത്തില്‍ പുറത്തെടുത്തത്. റിജോഷിനെ കാണാതായതിന്റെ അഞ്ചാം ദിവസം മുതല്‍ ഭാര്യ ഭാര്യ ലിജി(29) യെയും മകള്‍ രണ്ടുവയസുകാരി ജോവാനയെയും കാണാതായിരുന്നു. ഒപ്പം ഫാം ഹൗസ് മാനേജര്‍ തൃശ്ശൂര്‍ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തില്‍ എ.വസീമിനെയും(32) കാണാതായി. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ, റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമുള്ള വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവന്നു. വസീം സഹോദരന് അയച്ച വീഡിയോസന്ദേശം പൊലീസിന് കൈമാറിയിട്ടുണ്ട്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close