India

റിപ്പബ്ലിക് ദിനം അലങ്കോലമാക്കാന്‍ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ 5000 ലേറെ പ്രതിഷേധക്കാരെത്തും; കനത്ത സുരക്ഷയുമായി മെട്രോപൊളിറ്റന്‍ പൊലീസ് സേന

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വിലപറയാന്‍ ലണ്ടനില്‍ വീണ്ടും ശ്രമം. ഇന്ത്യ ഞായറാഴ്ച റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു പറ്റം ഇന്ത്യ വിരോധികള്‍ വീണ്ടും ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസിനു മുന്നില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തും. രണ്ടാം മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സാഹചര്യത്തില്‍ ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും പിന്നീട് സെപ്റ്റംബര്‍ മൂന്നിനും ലണ്ടനില്‍ ഇന്ത്യക്കെതിരെ കലാപ ആഹ്വനം ഉയര്‍ത്തിയ പാക് അനുകൂല പ്രതിഷേധക്കാര്‍ ചീമുട്ടയും പുഴുത്ത തക്കാളിയും എറിഞ്ഞു ഹൈ കമ്മീഷന്‍ ഓഫിസ് മലിനമാക്കിയിരുന്നു.

നൂറുകണക്കിന് പ്രതിഷേധക്കാര്‍ എത്തിയപ്പോള്‍ പൊലീസിന് കാര്യമായി ഒന്നും ചെയ്യാനാകാതെ നോക്കി നില്‍ക്കേണ്ടി വന്നു. ഒടുവില്‍ പത്രപ്രവര്‍ത്തകയും ഇന്ത്യ അനുകൂല പ്രചാരണത്തിന്റെ മുന്‍ നിരയില്‍ ഉള്ള കാത്തി ഹോപ്കിന്‍സ് അടക്കമുള്ള ബ്രിട്ടീഷ് വംശജരും ഇന്ത്യന്‍ സമൂഹവും എംബസി ജീവനക്കാരും ചേര്‍ന്നാണ് പ്രതിഷേധക്കാര്‍ ഉപേക്ഷിച്ചിട്ട മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ഇതിനെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പൗരത്വ ബില്‍ ഇന്ത്യ പാസ്സാക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചുവടു പിടിച്ചു വീണ്ടും പ്രതിഷേധക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇത്തവണ കൂടുതല്‍ ശക്തിപ്രകടനം കാട്ടുവാന്‍ ആണ് ഇവരുടെ നീക്കം. ഇത് മുന്‍കൂട്ടി കണ്ടു ശക്തമായ പൊലീസ് സംരക്ഷണം ഉണ്ടാകണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ മെട്രോപൊളിറ്റന്‍ പൊലീസിനെ അറിയിച്ചു കഴിഞ്ഞു.

ചുരുങ്ങിയത് 5000 പ്രതിഷേധക്കാര്‍ ഞായറാഴ്ച ലണ്ടനില്‍ ഇന്ത്യന്‍ ഹൈ കമ്മീഷന് മുന്നില്‍ പ്രകടനമായി എത്തും എന്നാണ് ലഭ്യമായ വിവരം. എന്നാല്‍ പ്രതിഷേധക്കാര്‍ എംബസി പരിസരത്ത് എത്തും മുന്‍പ് തടയാന്‍ ഉള്ള നീക്കമാണ് പൊലീസ് ആലോചിക്കുന്നത്. പ്രതിഷേധം അക്രമത്തിലേക്ക് വഴുതിമാറുന്നത് പൊലീസ് തടയും എന്ന സൂചനയാണ് മെട്രോപൊളിറ്റന്‍ പൊലീസ് അധികാരികള്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നതും.

ഞായറാഴ്ച നടക്കുന്ന പ്രതിഷേധ റാലിക്ക് റൈസ് ഫോര്‍ കാശ്മീര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കാശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ബ്രിട്ടീഷ് മണ്ണില്‍ ഇന്ത്യ വിരുദ്ധ വികാരം ശക്തിപ്പെടുത്താന്‍ ഉള്ള നീക്കമാണ് പാക് അനുകൂല പ്രതിഷേധക്കാര്‍ നടത്തുന്നത്. കാശ്മീര്‍ വിഷയം ലോക മാധ്യമങ്ങളുടെ ശ്രദ്ധയില്‍ സജീവമാക്കി നിര്‍ത്താന്‍ ബ്രിട്ടീഷ് മണ്ണിലെ പ്രതിഷേധം വഴി സാധിക്കും എന്നും ഇവര്‍ കണക്കുകൂട്ടുന്നു.

ഹൈക്കമ്മീഷന്‍ ഓഫിസിനു മുന്നില്‍ ഉച്ചക്ക് ഒരുമണി മുതല്‍ മൂന്നു മണി വരെ പ്രതിഷേധം നടത്താന്‍ ആണ് പ്രക്ഷോഭകര്‍ ആലോചിക്കുന്നത്. എന്നാല്‍ ആയിരം പേരില്‍ താഴെ വരുന്ന ജനക്കൂട്ടം സ്വതന്ത്ര ദിനത്തില്‍ നടത്തിയ അഴിഞ്ഞാട്ടം പോലും വ്യാപകമായ നാശനഷ്ടം വരുത്തിയ സാഹചര്യത്തില്‍ അതിന്റെ അഞ്ചിരട്ടി ആളുകള്‍ എത്തുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്ക ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നു.

അതേസമയം ഇന്ത്യ വിരുദ്ധ പ്രക്ഷോഭത്തിന് എത്തുന്നവര്‍ക്ക് പണവും ഭക്ഷണവും ഉള്‍പ്പെടെ നല്‍കിയാണ് തെരുവില്‍ എത്തിക്കുന്നതെന്നു ഇന്ത്യ ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. പ്രക്ഷോഭത്തില്‍ പാങ്കെടുക്കാന്‍ ഏരിയ തിരിച്ചു ഇതിനകം പാക് രാഷ്ട്രീയ അനുകൂല നിലപാടുകള്‍ ഉള്ളവര്‍ യോഗങ്ങള്‍ നടത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ ചേരി തിരിഞ്ഞു നില്‍ക്കുന്നതിനു വിരുദ്ധമായി ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതില്‍ പാക് അനുകൂലികള്‍ ഒറ്റക്കെട്ടാണ്. പ്രധാന പാക് രാഷ്ട്രീയ പാര്‍ട്ടികളായ പിപിപി യുടെയും പിഎംഎലിന്റെയും അണികള്‍ കൈകോര്‍ത്താണ് ലണ്ടനില്‍ ഇന്ത്യ വിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close