Marunadan Special

യുവതി പ്രവേശനം 'വേണ്ടണം..' പിണറായിയും കോടിയേരിയും ദേ പറയുന്നു

'നാല് വോട്ടിന് വേണ്ടി നിലപാടുകളെ തള്ളിപ്പറയുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ'- തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല യുവതീപ്രവേശന കാലത്ത് വിളിച്ചു പറഞ്ഞ ഡയലോഗാണിത്. അതിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഞെട്ടിക്കുന്ന തോൽവിയുണ്ടായി. സർക്കാർ എല്ലാ വിധത്തിലും പ്രതിരോധത്തിലായി. ഇതോടെ നാല് നവോട്ട് ആദ്യം വീഴട്ടെ, എന്നിട്ടു മതി നിലപാട് എന്നതാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും പുതിയനയം. തിരഞ്ഞെടുപ്പു കാലം എത്തുമ്പോൾ സിപിഎം എന്താണ് ചർച്ച ചെയ്യേണ്ട എന്ന് ആഗ്രഹിച്ചത് ആ വിഷയമാണ് വീണ്ടും സജീവമായി ചർച്ചയാകുന്നത്. ഇതോടെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ നിലപാടിനെ പോലും തള്ളിപ്പറയേണ്ട നിലയിലാണ് പാർട്ടി.

പാർട്ടിയുടെ നയവും നിലപാടും ശബരിമലയിൽ നടപ്പാക്കാൻ കഴിയണമെന്നില്ലെന്നതാണ് കേരളത്തിലെ നേതാക്കളുടെ നിലപാട്. എന്നാൽ, ഈ നിലപാടിന് വിരുദ്ധമാണ് കേന്ദ്ര കമ്മറ്റിയുടെ നയം. എന്നാൽ, ഇപ്പോൾ ശബരിമല കേസിൽ വിധി എന്തുതന്നെ ആയാലും ഏകപക്ഷീയമായി നടപ്പാക്കില്ലെന്നു നേതാക്കൾ ആണയിടുന്നു. പക്ഷേ, കേന്ദ്ര കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റി തന്നെയോ പാർട്ടി നയം അങ്ങനെ മാറിയതായി ഇനിയും സമ്മതിച്ചിട്ടില്ല താനും. ഇതാണ് യെച്ചൂരിയുടെ ചാനൽ അഭിമുഖത്തിലൂടെ നേരത്തെ വ്യക്തമായതും.

 

യുവതീപ്രവേശത്തിനു വേണ്ടി നിലകൊണ്ട സർക്കാരിനെതിരെ വിശ്വാസികളുടെ പ്രതിഷേധം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കു കാരണമായി എന്നു വിലയിരുത്തിയ ശേഷവും ശബരിമലയിലെ പ്രഖ്യാപിത നിലപാടിൽ സിപിഎം വെള്ളം ചേർത്തിരുന്നില്ല. മാത്രമല്ല, 2018ലെ യുവതീപ്രവേശ വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട സുപ്രീംകോടതി നടപടിയിൽ പ്രതിഷേധിക്കാനും പാർട്ടി മുതിർന്നു. വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിക്കളയുകയാണു വേണ്ടിയിരുന്നത് എന്നു 2020 ജനുവരിയിൽ തിരുവനന്തപുരത്തു ചേർന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തി. എന്നാൽ, അണികൾക്കിടയിൽ വിഷയം ഗൗരവമുള്ളതാണെന്ന വിലയിരുത്തൽ ഉണ്ടായതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. കേരളത്തിൽ യുവതീ പ്രവേശന വിഷയത്തിൽ ശാഠ്യം പിടിച്ചിരുന്ന മുഖ്യമന്ത്രി പിണറായി പോലും നിലപാട് മാറ്റുന്ന നിലയിലാണ് കാര്യങ്ങൾ.

'സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റു പല വിഷയങ്ങൾക്കൊപ്പം ഇക്കാര്യം പരിഗണിക്കാനാണു തീരുമാനിച്ചത്. ഭൂരിപക്ഷ ബെഞ്ചിന്റെ ഈ തീരുമാനം 2018ലെ വിധി ഉയർത്തിപ്പിടിക്കുന്നതിനു സഹായകരമല്ല. എല്ലാ മേഖലയിലും സ്ത്രീ പുരുഷ തുല്യത എന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നു. സുപ്രീംകോടതിയിൽനിന്ന് എത്രയും വേഗം ഇക്കാര്യത്തിൽ വ്യക്തവും അന്തിമവുമായ തീരുമാനം പ്രതീക്ഷിക്കുന്നു' കേന്ദ്ര കമ്മിറ്റി നേരത്തെ കൈക്കൊണ്ട നിലപാട് ഇങ്ങനെയായിരുന്നു. ഇതാണ് ഇക്കാര്യത്തിലെ സിപിഎമ്മിന്റെ ആധികാരിക നയം

സ്ത്രീ പുരുഷ തുല്യത എന്ന ഈ കേന്ദ്രകമ്മിറ്റി നിലപാടിൽ ഉറച്ചുനിന്നാണ് യച്ചൂരി കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രതികരിച്ചത്. സർക്കാർ സ്വീകരിച്ചത് അതിന് അനുസൃതമായ നടപടികളെന്നാണു ചൂണ്ടിക്കാട്ടിയത്. എന്നാൽ പാർട്ടിയുടെ നിലപാടുകളെല്ലാം ഭരണത്തിൽ നടപ്പിൽ വരണമെന്നില്ല എന്നു പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെടുമ്പോൾ അതു മുൻകാല പ്രാബല്യത്തോടെയുള്ള തിരുത്തലാണോ എന്നു സംശയിക്കേണ്ടി വരും. സാമൂഹിക സംഘർഷങ്ങൾ വളർത്തുന്ന നിലപാടുകൾ എടുക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശൈലി അല്ല എന്നു ബേബി ചൂണ്ടിക്കാട്ടുമ്പോൾ അതു മുഖ്യമന്ത്രിക്കു നൽകുന്ന ഓർമപ്പെടുത്തൽ കൂടിയാകാം.

വിധി നടപ്പാക്കാൻ 2018ൽ സർക്കാർ കാട്ടിയ വ്യഗ്രത തെറ്റായി എന്നു ചുരുക്കത്തിൽ കേരളത്തിലെ സിപിഎം തുറന്നു സമ്മതിക്കുകയാണ്. ആ തെറ്റ് ആവർത്തിക്കില്ല എന്നാണ് 'ഇനി എല്ലാവരുമായും ചർച്ച ചെയ്യും' എന്ന പ്രഖ്യാപനത്തിലുള്ളത്. യുവതീപ്രവേശ വിധിക്കു വഴിയൊരുക്കിയ സുപ്രീംകോടതിയിലെ സത്യവാങ്മൂലം കൂടി പിൻവലിക്കുമോ എന്നാണ് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചോദിക്കുന്നത്.

അതിനു പെട്ടെന്ന് ഉത്തരം നൽകാൻ സിപിഎമ്മിന് കഴിയില്ല. കാരണം ആ സത്യവാങ്മൂലത്തിന് ആധാരം യച്ചൂരിയും കേന്ദ്ര കമ്മിറ്റിയും ചൂണ്ടിക്കാട്ടുന്ന സ്ത്രീ പുരുഷ തുല്യത സംബന്ധിച്ച നിലപാടാണ്. പ്രസ്താവന വഴിയുള്ള തിരുത്തലും പ്രഖ്യാപിത നിലപാടുകൾ ചർച്ച ചെയ്തു തിരുത്തുന്നതും രണ്ടു പ്രശ്‌നങ്ങളാണ്. നയം മാറ്റാതെ നയത്തിൽ നീങ്ങുക എന്ന ശൈലിയാണു സിപിഎം ഇപ്പോൾ അവലംബിക്കുന്നത്. ശബരിമലയുടെ കാര്യത്തിൽ വീണ്ടും സന്ദേഹങ്ങളും ചോദ്യങ്ങളും ഉയരുന്നതും ഈ നയപ്രയോഗ വൈരുധ്യം കൊണ്ടുതന്നെ.

തെരഞ്ഞെടുപ്പ് പ്രചാരണം പ്രധാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ശബരിമല വിഷയം തണുപ്പിക്കാനാണ് സിപിഎമ്മിന്റെ പരിശ്രമം. സർക്കാർ നിലപാട് എന്താണെന്ന് വിശ്വാസികൾക്കും ജനങ്ങൾക്കും അറിയാമെന്ന് മുഖ്യമന്ത്രി. ആവർത്തിച്ചുള്ള ചോദ്യങ്ങൾ വലതുപക്ഷത്തിന് വേണ്ടിയുള്ളതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുമ്പോൾ സുപ്രീംകോടതിയിലുള്ള സത്യവാങ്ങ്മൂലം പിൻവലിക്കുമോ എന്ന് കൃത്യമായി പറയണമെന്നാണ് പ്രതിപക്ഷാവശ്യം.

സർക്കാരും മുന്നണിയും വികസനവും ക്ഷേമവും മാത്രം പറയുമ്പോൾ ശബരിമല വിശ്വാസ വിഷയം ആളിക്കത്തിക്കാനാണ് ആദ്യം മുതൽ യുഡിഎഫും ബിജെപിയും ശ്രമിച്ചുവരുന്നത്. മന്ത്രി കടകംപള്ളിയുടെ ഖേദപ്രകടനവും അതെന്തിനെന്ന സീതാറാം യച്ചൂരിയുടെ ചോദ്യവും കൂടി വന്നതോടെ ചർച്ചയാക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചിരുന്ന ശബരിമല വീണ്ടും കത്തി. കേസിപ്പോൾ സുപ്രീംകോടതിയിലല്ലേ എന്ന് ചോദിച്ച് ഉചിതസമയത്ത് തീരുമാനമെന്ന് പറഞ്ഞ ഒഴിഞ്ഞ് മാറാനാണ് സിപിഎം നീക്കം. വിധിയെന്തായാലും എല്ലാവരുായി ചർച്ചയുണ്ടാകുമെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി മാധ്യമങ്ങളുടെ തുടർചോദ്യങ്ങള്ൾക്ക് അജണ്ടയുണ്ടെന്ന് കുറ്റപ്പെടുത്തുന്നു.

ന്നാൽ വിടാൻ പ്രതിപക്ഷം തയ്യാറല്ല. നിലപാട് കടുപ്പിച്ച് എൻഎസ്എസ് കൂടി വന്നതോടെ മുതിർന്ന നേതാക്കൾ തന്നെ വിഷയം ഏറ്റടുക്കുകയാണ്. ശബരിമല എല്ലാ മണ്ഡലങ്ങളിലും ചർച്ചയാക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്ന ബിജെപി കടുത്ത ഭാഷയിലാണ് സർക്കാരിനെ വിമർശിക്കുന്നത്. നാമജപ ഘോഷയാത്രയടക്കം സംഘടിപ്പിച്ച് എൽഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി തീരുമാനം.

Read more topics:
Show More

Related Articles

Close