News

ഇന്ന് വിവരാവകാശത്തില്‍ വിധി; നാളെയോ മറ്റെന്നാളോ ശനിയാഴ്ചയോ കടന്ന് ശബരിമല യുവതി പ്രവേശന വിധിയും പോകില്ല; ശബരിമലയില്‍ 'രഞ്ജന്‍ ഗൊഗോയുടെ' മനസ്സ് നിര്‍ണ്ണായകമാകും

ന്യൂഡല്‍ഹി: രാജ്യം ഏറെ കാത്തിരിക്കുന്ന മറ്റൊരു കേസില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരുമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രസ്താവിക്കുക. അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിപ്രഖ്യാപനത്തിന് ശേഷം നടത്തുന്ന നിര്‍ണ്ണായക വിധിയാകും ഇത്. ഇതിന് ശേഷം ശബരിമലയിലും വിധി എത്തും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉത്തരവ് വരുമെന്നാണ് സൂചന.

ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ എന്‍.വി.രമണ, ഡി.വൈ. ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരും ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരുമെന്ന ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്ന ഭരണഘടന ബെഞ്ചിലുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പ്രഖ്യാപിക്കുക. ഇതോടൊപ്പം ബാങ്കിങ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കേസിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രഖ്യാപനം നടത്തും. 2010 ജനുവരി 12-നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവെച്ചത്. ഇതിനെതിരെ സുപ്രീംകോടതി രജിസ്ട്രി അപ്പീല്‍ നല്‍കുകയായിരുന്നു. 2016 ഓഗസ്റ്റില്‍ ഈ കേസ് ഭരണഘടന ബെഞ്ചിന് വിട്ടു. 2019 ഏപ്രിലിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചത്.

അയോധ്യ തര്‍ക്ക ഭൂമി കേസിലെ വിധിക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മറ്റൊരു ഭരണഘടന ബെഞ്ച് പുറപ്പെടുവിക്കേണ്ട സുപ്രധാന വിധിയാണ് ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളിലെ വിധി. മണ്ഡലകാലം തൊട്ടടുത്ത് നില്‍ക്കേ ഈ വിധിക്ക് ഏറെ പ്രാധാന്യമുണ്ട്. തീര്‍ത്ഥാടന കാലത്തിന് മുമ്പ് തന്നെ അനുകൂല തീരുമാനം പ്രതീക്ഷിക്കുകയാണ് വിശ്വാസികള്‍. എന്നാല്‍ ഭരണഘടനാ മൂല്യം അനുശാസിക്കുന്നതാകും തീരുമാനമെന്ന പ്രതീക്ഷയില്‍ മനിതി സംഘം അടക്കം ശബരിലമയിലേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട് തന്നെ ചീഫ് ജസ്റ്റീസിന്റെ മനസ്സിലെ തീരുമാനം അതിനിര്‍ണ്ണായകമാകും.

ഞായറാഴ്ച അസമിലായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും ഡല്‍ഹിയില്‍ മടങ്ങി എത്തിയിട്ടുണ്ട്. എന്നാല്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലെ വിധി എപ്പോള്‍ ഉണ്ടാകുമെന്ന് ഇതുവരെയും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഗുരു നാനാക്ക് ജയന്തിയുടെ അവധിക്ക് ശേഷം ഇന്ന് കോടതി തുറക്കും. അന്ന് മൂന്ന് വ്യത്യസ്ത ബെഞ്ചുകളാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്നത്. ആദ്യത്തേത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും ഉള്‍പ്പെടുന്ന ബെഞ്ച്. ജസ്റ്റിസ് അഖില്‍ ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്താനുള്ള കൊളീജിയം തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഉള്‍പ്പടെ മൂന്ന് സുപ്രധാന ഹര്‍ജികളാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ വായു മലിനീകരണത്തെ തുടര്‍ന്ന് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസും ഇതില്‍ ഉള്‍പെടും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് കോടതിയിലെ രണ്ടാമത്തെ ബെഞ്ച്. കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക ആക്രമങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്. ഉന്നാവ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നേക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും ജസ്റ്റിസ് സൂര്യ കാന്തും അടങ്ങുന്നതാണ് മൂന്നാമത്തെ ബെഞ്ച്. ആദ്യ രണ്ട് ബെഞ്ചുകളും സുപ്രധാനമായ ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സുപ്രധാന വിധികള്‍ പ്രസ്താവിക്കേണ്ട ബെഞ്ചുകള്‍ രൂപീകരിക്കാന്‍ ഇടയില്ല.

വ്യാഴാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കുന്നത്. അന്ന് മൂന്ന് അംഗ ബെഞ്ച് ഇരിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേതൃത്വം നല്‍കുന്ന പ്രത്യേക ബെഞ്ചുകളില്‍ നിന്ന് സുപ്രധാനമായ ചില വിധികളുടെ പ്രസ്താവം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതില്‍ ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികളിലെ വിധിയും ഉണ്ടാകുമോയെന്ന് ബുധനാഴ്ച വൈകീട്ട് മാത്രമേ ഔദ്യോഗികമായി അറിയാന്‍ കഴിയുകയുള്ളു.

ശബരിമല വിധി വ്യാഴാഴ്ച ഉണ്ടായില്ലെങ്കില്‍ പിന്നെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് അവശേഷിക്കുന്ന ഏക പ്രവര്‍ത്തി ദിവസം വെള്ളിയാഴ്ചയാണ്. ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നത്. അയോധ്യ കേസിലെ വിധി പ്രസ്താവം പോലെ അവധി ദിവസമായ ശനിയാഴ്ച്ച ശബരിമല വിധി പ്രസ്താവിക്കാനും സാധ്യതയുണ്ട്.

 

 

 

Read more topics: # sabarimala, # ranjan gogoyi,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close