News

കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണം; സുപ്രീം കോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാൻ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണ് എന്ന് സുപ്രീംകോടതി

സഭാതര്‍ക്കവുമായി ബന്ധപ്പെട്ട എറണാകുളം കണ്ടനാട് പള്ളിക്കേസില്‍ ഹൈക്കോടതിക്കും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതി വിമര്‍ശനം. കണ്ടനാട് സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ക്കു പ്രാര്‍ത്ഥന നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതു ചോദ്യംചെയ്ത് ഓര്‍ത്തഡോക്സ്വിഭാഗം നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

മലങ്കരസഭയ്ക്കു കീഴിലുള്ള പള്ളികള്‍ സഭാഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നുകാട്ടി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി വിധിവന്നത്. ഇതുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ പിന്നീടു വന്നപ്പോഴെല്ലാം സുപ്രീംകോടതി പഴയനിലപാട് ആവര്‍ത്തിച്ചു. ഇതിന്റെ ലംഘനമായിരുന്നു ഹൈക്കോടതി വിധി. തല്‍സ്ഥിതി തുടരാനുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കുന്നത്. സുപ്രീംകോടതി വിധി മറടികടന്ന് ഉത്തരവ് ഇറക്കാന്‍ ഹൈക്കോടതിക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യമാണ് സുപ്രീംകോടതി പറയുന്നത്. ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരും. സുപ്രീംകോടതി ഉത്തരവുകള്‍ കേരളത്തില്‍ നിരന്തരം ലംഘിക്കപ്പെടുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.

സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കാന്‍ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിക്ക് ഉള്ളത്. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണം എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാന്‍ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണ് എന്ന് സുപ്രീംകോടതി ചോദിച്ചു. ജുഡിഷ്യല്‍ അച്ചടക്കം എന്നത് ജഡ്ജിക്ക് അറിയില്ലേ. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. കണ്ടനാട് പള്ളിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഉത്തരവുകള്‍ കേരളത്തില്‍ നിരന്തരം ലംഘിക്കപ്പെടുന്നതായും ജസ്റ്റിസ് അരുണ്‍ മിശ്ര കുറ്റപ്പെടുത്തി.

കട്ടച്ചിറ പള്ളിത്തര്‍ക്ക കേസില്‍ യാക്കോബായ സഭ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും സുപ്രിം കോടതി തള്ളി. 1934ലെ മലങ്കരസഭ ഭരണഘടന പ്രകാരം കട്ടച്ചിറ പള്ളി ഭരിക്കപ്പെടണമെന്ന വിധിയെയാണ് യാക്കോബായ സഭ ചോദ്യം ചെയ്തത്. എന്നാല്‍ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സഭാ തര്‍ക്കം നിലനില്‍ക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രിം കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വിധി നടപ്പാക്കുന്നത് വൈകിയിരുന്നു. വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈ 27 ന് സുപ്രിം കോടതി വിധി നടപ്പാക്കിയത്. കനത്ത പൊലീസ് സുരക്ഷയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. യാക്കോബായ വിഭാഗത്തെ പൊലീസ് തടഞ്ഞതും സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചു. വന്‍ പൊലീസ് സുരക്ഷയില്‍ ആലപ്പുഴ സബ് കളക്ടറുടെ നേതൃത്വത്തിലാണ് കോടതി ഉത്തരവ് പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. അതേ സമയം ഏകപക്ഷീയമായാണ് വിധി നടപ്പാക്കിയതെന്ന് യാക്കോബായ വിഭാഗം ആരോപിച്ചിരുന്നു.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close