News

തുണ്ടിക്കോട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച വില്ലന്‍; വാരത്തെ വീട്ടില്‍ നിന്നും ബാഗുമായി കടന്നത് വീട്ടുകാര്‍ കൈയോടെ പൊക്കിയത് ഒച്ചവച്ച് ആളെ കൂട്ടി;പൂവാല ശല്യത്തിന് കിട്ടിയ താക്കീതുകള്‍ ഏറെ; കൊച്ചു വിയാനെ കൊല്ലാന്‍ നിധിനും കൂടെയുണ്ടാകുമെന്ന് കരുതുന്നവര്‍ ഏറെ

കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകന്‍ നിധിന്‍ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ് എന്നാണ് പുറത്ത് വരുന്ന വിവരം. നാട്ടിലെ ഒട്ടുമിക്ക പ്രശ്നങ്ങളിലും ഇയാളുടെ പങ്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മോഷണക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകളിലും ഇയാള്‍ പ്രതിയാണ്. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതും നിധിന്റെ നേരം പോക്കുകലില്‍ ഒന്നാണ്. ഇതിന് വേണ്ടുവോളം മരുന്ന് നാട്ടുകാര്‍ കൊടുത്തിട്ടുമുണ്ട്. ഇയാളുടെ കാമുകി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തോടു കൂടിയാണ് നിധിന്‍ ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചാ വിഷയമായിത്താരുന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും സൂചനയുണ്ട്.

വാരം തുണ്ടിക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും ഭക്തര്‍ കാണിക്ക അര്‍പ്പിച്ച പണം മോഷ്ടിച്ചതിനായിരുന്നു ഇയാള്‍ക്കെതിരെ ഉയര്‍ന്ന മോഷണക്കുറ്റം. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്‍വശം സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തി തുറന്ന് പണം മുഴുവന്‍ ഇയാള്‍ അപഹരിച്ചു. പോലീസ ് ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച് വരുമ്പോഴാണ് സിസിടിവി ദൃശ്യങ്ങളില്‍ നിധിനെ കണ്ടത്. നിധിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണക്കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് വാരത്തുള്ള ഒരു വീട്ടില്‍ നിന്നും പണം അടങ്ങിയ ബാഗുമായി ഇയാള്‍ കടന്നു കളയാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ ഇത് കാണുകയും ഒച്ചവച്ച് ആളുകളെ കൂട്ടി പിടികൂടുകയുമായിരുന്നു. അന്നും ആവിശ്യത്തിന് തല്ല് നിധിന്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

അതു പോലെ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാട്ടുകാരുടെ തല്ല് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ഇത് പാര്‍ട്ടീ നേതാക്കള്‍ ഇടപെട്ട് കേസാക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. കൂടാതെ സി.എച്ച്.എം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പെണ്‍കുട്ടികളെ ശല്യം ചെയ്തതിനും നാട്ടുകാര്‍ താക്കീത് നല്‍കിയിട്ടുണ്ട്. പൊതുവേ ക്രിമിനല്‍ സ്വഭാവമുള്ള ആളാണ് നിധിനെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനാല്‍ കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ ഇയാളുടെ കൈകളും ഉണ്ടാകാം എന്നും നാട്ടുകാര്‍ സംശയിക്കുന്നു. ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളയാളെ എന്തു കൊണ്ടാണ് പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് നാട്ടുകാരുടെ ചോദ്യം.

നിധിന്‍ ശരണ്യയുടെ വീടിന്റെ പരിസരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ചൊവ്വ സ്പിന്നിങ് മില്ലിന് സമീപത്തെ സിസിടിവി ക്യാമറയിലാണ് നിധിന്‍ ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. ഇന്ന് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ലഭിക്കുന്ന വിവരം. ഹാജരായില്ല എങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് പോകും. ശരമ്യയുടെയും നിധിന്റെയും മൊബൈല്‍ ഫോണുകളുടെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ 7000 സെക്കന്റ് ദൈര്‍ഘ്യമുള്ള സംഭാഷണം വരം നടന്നിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിധിന്റെ മൊഴി വീണ്ടും എടുത്തതിന് ശേഷം ശരണ്യയുടെ മൊഴിയുമായി വൈരുദ്ധ്യമുണ്ടെങ്കില്‍ മാത്രമേ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ എന്ന് കണ്ണൂര്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ സതീശന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. നിധിന്റെ മൊഴിയെടുത്തതിന് ശേഷം മാത്രമേ ശരണ്യയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കുകയുള്ളൂ. ശാസ്ത്രീയമായ തെളിവുകളെല്ലാം ഉള്ള സ്ഥിതിക്ക് 90 ദിവസങ്ങള്‍ക്കകം കുറ്റ പത്രം സമര്‍പ്പിക്കാനാവും എന്നാണ് പോലീസ് പറയുന്നത്.

അതേ സമയം നിധിന്‍ തന്റെ സുഹൃത്താണ് എന്ന കാര്യം വാസ്തവ വിരുദ്ധമാണെന്ന് പ്രണവ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഒരേ നാട്ടുകാരാണ് എന്നതിലുപരി മറ്റൊന്നും അറിയില്ലെന്നും പ്രണവ് പ്രതികരിച്ചു. മാധ്യമങ്ങള്‍ തെറ്റായി ഇക്കാര്യം വാര്‍ത്തയാക്കുകയായിരുന്നു എന്നും പ്രണവ് പറഞ്ഞു. ഒരിക്കലും നേരില്‍ പോലും കണ്ടിട്ടില്ലാത്തയാളെ എങ്ങനെയാമ് സുഹൃത്ത് എന്ന് പറയാന്‍ കഴിയുക എന്നും ഇയാള്‍ ചോദിച്ചു.

 

 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close