India

ശരവണ മുതലാളിയുടെ അവിശ്വസനീയ ജീവിതകഥ

ചെന്നൈ: ജ്യോതിഷിയുടെ ഉപദേശം കേട്ട് ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാൻ അവരുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച ശരവണ ഭവൻ ഉടമ പി.രാജഗോപാൽ (71) ഒടുവിൽ അഴിക്കുള്ളിൽ. ചെന്നൈ അഡീഷനൽ സെഷൻസ് കോടതിയിൽ നാടകീയമായാണ് ദോശരാജാവ് കീഴടങ്ങിയത്. ആരോഗ്യ കാരണങ്ങളാൽ ശിക്ഷ നടപ്പാക്കുന്നതു നീട്ടിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ, മുഖത്ത് ഓക്‌സിജൻ മാസ്‌കുമായി സ്‌ട്രെച്ചറിലാണു രാജഗോപാൽ കോടതി മുറിയിലെത്തിയത്. എങ്ങനെയും ജയിലിനുള്ളിൽ കഴിയുന്ന സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു ശരവണ ഭവൻ മുതലാളി പയറ്റിയ തന്ത്രം. എന്നാൽ, ഈ തന്ത്രം പാളിയപ്പോൾ അണ്ണാച്ചി അഴിക്കുള്ളിലായി.

വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ് പി രാജഗോപാലിനെ പുഴൽ ജയിലിലേക്കു മാറ്റിയത്. അഴിക്കുള്ളിലായതോടെ കൂടുതൽ ഡിമാന്റുകളുമായി കോടതിയെ സമീപിക്കാനാണ് രാജഗോപാലിന്റെ നീക്കം. ജയിലിൽ സഹായിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു കോടതിയെ സമീപിച്ചേക്കും. ശരവണ ഭവനിലെ ജീവനക്കാരന്റെ മകൾ ജീവജ്യോതിയുടെ ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെ 2001ൽ ഗുണ്ടകളെ കൊണ്ടു കൊലപ്പെടുത്തിയെന്നാണു കേസ്. ഇന്ത്യയിലെ 'ദോശരാജാവ്' എന്നറിയപ്പെടുന്ന രാജഗോപാലിനെ അഴിക്കുള്ളിലാക്കിയത് ജ്യോതിയുടെ ഒന്നരപതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം.

2004ൽ വിചാരണക്കോടതി 10 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തിയത്. സുപ്രീം കോടതിയും ശരിവച്ചതോടെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹർജി നൽകി. തുടർന്ന് ഈ മാസം 7 വരെ സാവകാശം നൽകിയെങ്കിലും 4ന് ആശുപത്രിയിൽ പ്രവേശിച്ച രാജഗോപാൽ ജയിൽവാസം വൈകിപ്പിക്കാൻ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

രണ്ട് ഭാര്യമാർ ഉണ്ടായിട്ടും ജ്യോതിഷിയുടെ വാക്കു കേട്ട് മൂന്നാം കെട്ടിന് ഒരുങ്ങി കുടുങ്ങിയ മുതലാളി

2 ഭാര്യമാരുണ്ടായിരുന്ന രാജഗോപാൽ, ജീവജ്യോതിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതു ജ്യോതിഷിയുടെ ഉപദേശപ്രകാരം. വ്യവസായത്തിൽ കൂടുതൽ അഭിവൃദ്ധി ഉണ്ടാകുമെന്നായിരുന്നു പ്രവചനം. അന്നു ജീവജ്യോതിക്ക് 22 വയസ്, വിവാഹിത. രാജഗോപാലിനു പ്രായം 50. ആഗ്രഹം ജീവജ്യോതിയെ അറിയിച്ചെങ്കിലും അവർ തള്ളി. പിന്നീട് കുടുംബത്തെ പലരീതിയിൽ ഉപദ്രവിച്ചു. ജ്യോതിയുടെ ഭർത്താവിനെ വാടക കൊലയാളിയെ ഉപയോഗിച്ചു വെടിവച്ചു കൊല്ലാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. എന്നാൽ, 2001ൽ ഗുണ്ടകളെ നിയോഗിച്ചു കൊലപ്പെടുത്തി.

ഒറ്റയ്ക്ക് ഒരാൾ കെട്ടിപ്പടുത്ത ഒരു ഹോട്ടൽ ശൃംഖല ഇന്ത്യയിൽ ആകമാനം വ്യാപിക്കുക. ഇതേ ശൃംഖല കടൽ കടന്നു യുഎസ്, യുകെ, ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിക്കുക. ഒരിക്കലും എളുപ്പമായ കാര്യങ്ങൾ അല്ല ഇത്. ഇത്തരം എളുപ്പമല്ലാത്ത കാര്യങ്ങൾ കാര്യങ്ങൾ യാഥാർഥ്യമാക്കിയാണ് ശരവണഭവൻ എന്ന ഹോട്ടൽ ശൃംഖല വ്യവസായ വൃത്തങ്ങളിൽ അണ്ണാച്ചി എന്നറിയപ്പെടുന്ന പി. രാജഗോപാൽ ലോകം മുഴുവൻ പടർത്തിയത്. ഈ അണ്ണാച്ചി അഴിക്കുള്ളിൽ കഴിയേണ്ടി വരുമെന്ന് ആരും കരുതിയിരുന്നില്ല.

സൗന്ദര്യത്തിന്റെ മകുടോദാഹരണമായി ജീവജ്യോതി രാജഗോപാലിന്റെ മനസിലേക്ക് കടന്നു വന്നതോടെയാണ് വ്യക്തിപരമായി അദ്ദേഹത്തിന് ഇറക്കം തുടങ്ങുന്നത്. വ്യക്തിപരമായി കോടതിയും കേസുമായി പോകുമ്പോഴും ശരവണഭവൻ ഹോട്ടൽ ശൃംഖലയ്ക്കും വ്യവസായ ശൃംഖലയ്ക്കും ഒരിളക്കവും തട്ടിയതുമില്ല. കൊലപാതകക്കേസിൽ കുടുങ്ങി വ്യക്തിപരമായി തകർന്നടിയുമ്പോഴും തന്റെ വ്യവസായ ശൃംഖലയ്ക്ക് ഒരു കോട്ടവും തട്ടിയില്ലാ എന്ന കാര്യം അണ്ണാച്ചി എന്ന രാജഗോപാലിന്റെ, വ്യവസായിയുടെ മിടുക്കായി ഉയർന്നു നിൽക്കുകയും ചെയ്യുന്നു.

സ്ത്രീ രാജഗോപാലിന് ഒരു ദൗർബല്യമായിരുന്നു. രണ്ടു ഭാര്യമാർ ഉള്ളപ്പോൾ തന്നെയാണ് രാജഗോപാലിന്റെ കഴുകൻ കണ്ണുകൾ തന്റെ ശാഖയിൽ അസിസ്റ്റന്റ് മാനേജരുടെ മകളുടെ മേൽ ഉടക്കുന്നത്. ആഗ്രഹിച്ചത് എല്ലാം നേടിയിട്ടുള്ള രാജഗോപാലിന് ജീവജ്യോതി ഒരു പ്രശ്നമായി തോന്നിയതുമില്ല. 20 വയസുള്ള ജീവജ്യോതിയെ കെട്ടാൻ തന്റേതായ ഒരു കാരണവും രാജഗോപാലിന് ഉണ്ടായിരുന്നു. 20 വയസുള്ള പെണ്ണിനെ കെട്ടിയാൽ മേൽക്ക് മേൽ അഭിവൃദ്ധി എന്നാണ് വിശ്വസ്തനായ ജ്യോതിഷി രാജഗോപാലിന്റെ ചെവിട്ടിൽ മന്ത്രിച്ചത്. ജീവജ്യോതിയുടെ ത്രസിപ്പിക്കുന്ന സൗന്ദര്യവും ജ്യോതിഷിയുടെ പ്രവചനവും രാജഗോപാലിന്റെ ജീവിതം മാറ്റി മറിക്കുക തന്നെ ചെയ്തു. ജീവജ്യോതിയോട് രാജഗോപാൽ നേരിട്ട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. രാജഗോപാൽ പോലുള്ള കോടീശ്വരനായ വ്യവസായി വിവാഹാഭ്യർത്ഥന നടത്തിയിട്ടും ജീവജ്യോതി കുലുങ്ങിയില്ല. ഈ അഭ്യർത്ഥന നിരസിക്കാൻ ഒരു മടിയും ജീവജ്യോതി കാട്ടിയതുമില്ല.

പ്രായം അതിരു കടന്നിട്ടും ജീവജ്യോതിയെ മോഹിച്ചപ്പോൾ അവളെ വിട്ടുകളയാൻ രാജഗോപാലിന്റെ മനസ് അനുവദിച്ചതുമില്ല. എന്ത് സംഭവിച്ചാലും പെൺകുട്ടിയെ സ്വന്തമാക്കാനുള്ള രാജഗോപാലിന്റെ നീക്കങ്ങളാണ് അന്തർദേശീയ തലത്തിൽ തന്നെ ഈ വ്യവസായ ശൃംഖലയ്ക്ക് മേൽ കരിനിഴൽ ഏൽപ്പിച്ചത്.ജീവജ്യോതിയോടുള്ള മോഹം രാജഗോപാലിന്റെ കണ്ണഞ്ചിക്കുന്ന ജീവിതത്തിന്റെ തന്നെ അവസാനമാവുകയും ചെയ്തു. സുപ്രീംകോടതി വിധി പ്രകാരം ജീവപര്യന്തം ശിക്ഷയ്ക്കാണ് ഇനി രാജഗോപാൽ കീഴടങ്ങാൻ പോകുന്നതും. രാജഗോപാലിന്റെ ആഗ്രഹം നിരസിച്ച ജീവജ്യോതി മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു.

ഇത് അണ്ണാച്ചിയെ പ്രകോപിപ്പിക്കുക തന്നെ ചെയ്തു. ജീവജ്യോതിയുടെ ഭർത്താവായ പ്രിൻസ് ശാന്തകുമാറിന് രാജഗോപാലിന്റെ ഭീഷണികൾ ലഭിച്ചു തുടങ്ങി. പലവിധ ഭീഷണികൾ വന്നു തുടങ്ങിയപ്പോൾ വിവാഹം കഴിഞ്ഞ ശേഷം 2001-ൽ ശാന്തകുമാറും ജീവജ്യോതിയും പൊലീസിൽ പരാതി നൽകി. ഈ പരാതിയാണ് ശാന്തകുമാറിന്റെ ജീവൻ എടുത്തത്. ശാന്തകുമാറിനോട് ജീവജ്യോതിയെ ഒഴിവാക്കാനാണ് രാജഗോപാൽ ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതോറ്റ ശാന്തകുമാറിന് ജീവൻ നഷ്ടമാകുകയും ചെയ്തു. വിവാഹത്തിനു ശേഷം വെറും മൂന്നു വർഷം ജീവജ്യോതിക്ക് ഒപ്പം കഴിയാൻ മാത്രമാണ് ശാന്തകുമാറിന് കഴിഞ്ഞത്. 1999ലായിരുന്നു ഇവരുടെ വിവാഹം. 2001-ൽ ശാന്തകുമാർ വധിക്കപ്പെടുകയും ചെയ്തു.

രാജഗോപാലിന്റെ ഭീഷണിയായിരുന്നു ദമ്പതിമാരുടെ പരാതിക്ക് ആധാരം. പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെ ശാന്തകുമാറിനെ കാണാതായി. രാജഗോപാലിന്റെ ഗുണ്ടാസംഘം ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയ ശേഷം കൊല്ലുകയായിരുന്നു. കൊടൈക്കനാലിലെ മേഖലയിൽ ശാന്തകുമാറിനെ എത്തിച്ച ശേഷം കൊല്ലുകയും മൃതദേഹം വനത്തിൽ മറവുചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമാവുകയും അണ്ണാച്ചിയുടെ പേര് വ്യവസായവൃത്തങ്ങളിൽ മങ്ങുകയും ചെയ്തത്.

കൃത്യം നടന്ന് 18 വർഷങ്ങൾക്ക് ശേഷമാണ് ശരവണ ഭവൻ മുതലാളി അഴിക്കുള്ളിലാകുന്നത്. രാജഗോപാലിനെതിരെ ആദ്യം ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്നും സുപ്രീംകോടതി ചെയ്തത്. ഇതോടെയാണ് മുതലാളി അഴിക്കുള്ളിലായത്. ശരവണഭവന്റെ ജയിൽവസം ഈ വ്യവസായ ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങിനെയായിരിക്കുമെന്നാണ് ബിസിനസ് ഐക്കണുകൾ ഉറ്റുനോക്കുന്നത്.

ചായക്കടയിലെ തൂപ്പുകാരനിൽനിന്ന് ശതകോടീശ്വരനായ ദോശരാജാവായി മാറിയ വ്യക്തി

തൂത്തുക്കുടിയിലെ പിന്നോക്ക ഗ്രാമത്തിലെ തൂപ്പുകാരനിൽ നിന്നും ശതകോടീശ്വനാായി മാറിയ അണ്ണാച്ചി ബിസിനസ് ലോകത്തിന് ശരിക്കും അത്ഭുതമാണ്. കഠിനാധ്വാനം തന്നെയാണ് ശരവണ ഭവൻ രാജഗോപാലിനെ ബിസിനസുകാരിലെ അഗ്രഗണ്യനാക്കി മാറ്റിയത്. ഭക്ഷണ പ്രിയരെയാകെ തന്റെ ദോശക്കല്ലിനു ചുറ്റുമെത്തിച്ച മിടുക്കരായിരുന്ന രാജഗോപാൽ. തന്റെ ജീവിത ത്തെയും ബിസിനസിനെയുമാകെ നിയന്ത്രിച്ച ജ്യോതിഷികൾക്ക് രാജഗോപാലിന്റെ ജയിൽവാസയോഗം ഗണിച്ചെടു ക്കുന്നതിൽ പിഴച്ചുവെന്നതാണ് ഈ അധോഗതിയിലെ പ്രത്യേകത.

ജാതിവ്യവസ്ഥ കൊടികുത്തിവാണ തൂത്തുക്കുടിയിലെ ഒരു പിന്നോക്ക ഗ്രാമത്തിൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്തുദിവസം മുമ്പ് പിറന്നുവീണ ചിന്നപ്പയ്യൻ. ബ്രാഹ്മണർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും അനുവാദമില്ലാതിരുന്ന കാലത്ത് ആദ്യം തമിഴ് മക്കളെയും പിന്നീട് രാജ്യത്തെയും ഇന്ന് ലോകത്തെ മുഴുവനും തന്റെ ദോശക്കല്ലിനു ചുറ്റിലും കൊണ്ടുവന്നിരുത്തിയ പിന്നോക്ക ജാതിക്കാരൻ. മദ്രാസിലെ മുഷിഞ്ഞ ടീ സ്റ്റാളിലെ തൂപ്പുകാരനിൽനിന്ന് ഈ ഭൂഗോളത്തിന്റെ 'ദോശരാജാവാ'യുള്ള പി രാജഗോപാൽ എന്ന ശരവണ ഭവൻ 'അണ്ണാച്ചി'യുടെ വളർച്ച അലാവുദീൻ കഥകൾ പോലെ വിസ്മയാവഹം. എതിർശബ്ദങ്ങളെ അടിച്ചമർത്തിയുള്ള രാജഗോപാലിന്റെ ജീവിതയാത്ര അഴിക്കുള്ളിലിലേക്ക് ചുരുങ്ങുകയാണ്.

കഠിനാധ്വാനത്തിനൊപ്പം വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂട്ടുപിടിച്ചായിരുന്നു രാജഗോപാലിന്റെ ഓരോ ചുവടുവയ്‌പ്പും. ചെറുപ്രായത്തിലേ നാടുവിട്ട് ചെന്നൈയിൽ എത്തി. ടീക്കടയിൽ മേശ തുടയ്ക്കുന്ന ജോലി ആയിരുന്നു. തിരക്കൊഴിഞ്ഞ നേരംനോക്കി ടീ മാസ്റ്ററിൽനിന്ന് രുചികരമായ ചായ ഉണ്ടാക്കാൻ പഠിച്ചു. ചില്ലറത്തുട്ടുകൾ കൂട്ടിവച്ചു 1968ൽ പലചരക്ക് കടയും തുടങ്ങി. 1979ൽ കടയിൽ സാധനം വാങ്ങാനെത്തിയ ആളുമായുള്ള സംഭാഷണത്തിൽനിന്നാണ് ശരവണ ഭവൻ ശൃംഖലയുടെ തുടക്കം. കെ കെ നഗറിൽ ജോലി ചെയ്യുന്ന തനിക്ക് ഭക്ഷണം കഴിക്കാൻ ദിവസവും ടി നഗർ വരെ പോകേണ്ടിവരുന്നു എന്നായിരുന്നു അയാൾ പറഞ്ഞത്. 'തീയുമായി ബന്ധപ്പെട്ട ജോലി ചെയ്താൽ വലിയ വിജയമുണ്ടാകും' എന്ന വർഷങ്ങൾ മുമ്പുള്ള ജ്യോത്സ്യപ്രവചനം ശരിവയ്ക്കുന്നതാണ് ഈ സംഭാഷണമെന്ന് രാജഗോപാൽ കരുതി. 1981ൽ കെ കെ നഗറിൽ ആദ്യ റെസ്റ്റോറന്റ് തുറന്നു.

പിന്നീട് അങ്ങോട്ട് വിജയംമാത്രം രുചിച്ച നാളുകൾ. ഇന്ത്യയിലുടനീളം സാന്നിധ്യമറിയിച്ച ശരവണ ഭവന് വിദേശത്ത് എൺപതോളം ശാഖകളായി. ഹാമും ബർഗറും ശീലമാക്കിയവർ സിഡ്നിയിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലുമെല്ലാം ശരവണ ഭവൻ സ്പെഷ്യൽ നെയ് റോസ്റ്റിനും സാമ്പാർ വടയ്ക്കും ഫിൽറ്റർ കോഫിക്കുംവേണ്ടി മണിക്കൂറുകൾ വരിനിൽക്കുന്നു. ഓരോ ശാഖയുടെയും തുടക്കംമുതൽ മേശകളുടെ വിന്യാസംവരെ എല്ലാം ജ്യോത്സ്യന്മാരുടെ ഉപദേശപ്രകാരം. എന്തിനേറെ പറയുന്നു, 1972ൽ വിവാഹിതനായ രാജഗോപാൽ, 1994ൽ രണ്ടാം വിവാഹം ചെയ്തതുപോലും ജ്യോതിഷവിധിപ്രകാരം. തന്റെ ജീവനക്കാരന്റെ ഭാര്യയാണ് വധു എന്നതുപോലും അയാൾക്ക് വിലങ്ങുതടിയായില്ല.

ജീവിതംതന്നെ മാറ്റിമറിച്ച കൊലപാതകക്കേസിലേക്ക് നയിച്ചതും ജ്യോത്സ്യപ്രവചനംതന്നെ. മറ്റൊരു ജീവനക്കാരന്റെ മകളായ ജീവജ്യോതിയിൽ തല്പരനായിരുന്ന രാജഗോപാൽ ജ്യോത്സ്യനെ സമീപിച്ചു. മൂന്നാംവിവാഹം കൂടുതൽ വിജയങ്ങൾ കൊണ്ടുവരുമെന്ന പ്രവചനം കൂടിയായപ്പോൾ പിന്നൊന്നും നോക്കിയില്ല. വിവാഹിതയായ ജീവജ്യോതിയെ ആഭരണങ്ങളും ഉപഹാരങ്ങളും നൽകി പ്രലോഭിപ്പിക്കാനായി ശ്രമം. വഴങ്ങാതെ വന്നപ്പോൾ ഭർത്താവ് പ്രിൻസ് ശാന്തകുമാറിനെ തുടർച്ചയായി ഭീഷണിപ്പെടുത്തി. ഭയചകിതരായ ദമ്പതികൾ പലകുറി ഒളിച്ചോടി. ഓരോ തവണയും അണ്ണാച്ചിയുടെ കിങ്കരന്മാർ പിടികൂടി തിരികെ കൊണ്ടുവന്നു. രാജഗോപാലിനെതിരെ ഇവർ പൊലീസിൽ നൽകിയ പരാതി സ്വാധീനം ഉപയോഗിച്ച് മുക്കി. ഒടുവിൽ തട്ടിക്കൊണ്ടുപോയി 2001 ഒക്ടോബർ 31ന് കൊടൈക്കനാലിൽവച്ച് ശാന്തകുമാറിനെ കഴുത്തുഞെരിച്ചു കൊന്നു.

വലിയ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് പക്ഷേ അണ്ണാച്ചിയെ തെല്ലും കുലുക്കിയില്ല. 2004ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രാജഗോപാലിനെ 10 വർഷത്തേക്ക് ശിക്ഷിച്ചു. ജയിലിൽ കഴിഞ്ഞ എട്ടുമാസവും വീട്ടുഭക്ഷണം എത്തിക്കാൻ അധികൃതർക്ക് മാസം ഒരു ലക്ഷം രൂപവീതം കൈക്കൂലി കൊടുത്തതായി രാജഗോപാൽ തന്നെ വെളിപ്പെടുത്തി. മദ്രാസ് ഹൈക്കോടതി 2009ൽ ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും മൂന്നുമാസം മാത്രം ശിക്ഷ അനുഭവിച്ച് പരോളിൽ ഇറങ്ങി. രാജഗോപാൽ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി മാർച്ചിൽ ഹൈക്കോടതിവിധി ശരിവച്ചു. ഒടുവിൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് അഴിക്കുള്ളിലും.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close