News

ആഭരണം ദൈവത്തിന് സമർപ്പിച്ചതല്ലേ, ആ തിരുവാഭരണം കൈവശം വയ്ക്കുന്നതിൽ പന്തളം കൊട്ടാരത്തിന് എന്തവകാശം? ശബരിമല തിരുവാഭരണത്തിൽ പന്തളം കൊട്ടാരത്തിന്റെ അവകാശത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയുടെ പരാമർശം; സർക്കാറിന് ഏറ്റെടുത്തു കൂടെ എന്നും ചോദ്യം

ശബരിമല തിരുവാഭരണത്തിൽ പന്തളം കൊട്ടാരത്തിന്റെ അവകാശത്തെ ചോദ്യം ചെയ്തു സുപ്രീംകോടതി. തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോ എന്നും കോടതി ചോദിച്ചു. പന്തളം കുടുംബത്തിൽ തർക്കം രൂക്ഷമാണ്. തിരുവാഭരണം പന്തളം കുടുംബത്തിന്റെ അധീനതയിൽ എന്തിന് വെക്കണം. അത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റിക്കൂടെ എന്നാണ് കോടതിയുടെ ചോദ്യം. സംസ്ഥാന സർക്കാറിന് തിരുവാഭരണം ഏറ്റെടുത്ത് കൂടെയെന്നും ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു.

കൊട്ടാരത്തിന് തിരുവാഭരണം കൈവശം വയ്ക്കാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ആഭരണം ദൈവത്തിന് സമർപ്പിച്ചതല്ലേ, സമർപ്പിച്ച് കഴിഞ്ഞ് ആഭരണത്തിൽ പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് കോടതി ചോദിച്ചു. തിരുവാഭരണത്തിൽ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ അവകാശമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇരു വിഭാഗങ്ങളെയും കോടതി വിമർശിച്ചു.

തിരുവാഭരണം അയ്യപ്പൻ അവകാശപ്പെട്ടതല്ലേയെന്നും സുപ്രീംകോടതി ചോദ്യം ഉന്നയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് വെള്ളിയാഴ്ച കോടതിയിൽ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, തിരുവാഭരണം ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ വാക്കാൽ കോടതിയെ അറിയിച്ചു. ശബരിമലയിൽ പുതിയ ഭരണ സംവിധാനം നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പുതിയ ഭരണ സംവിധാനത്തിനുള്ള നിയമ നിർമ്മാണം നടത്താൻ നാലാഴ്ച സമയം കൂടി വേണം. നിയമം സംബന്ധിച്ച് അറ്റോർണി ജനറലിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.

2010ലെ ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അതേസമയം ശബരിമല കേസിൽ പരിഗണനാ വിഷയങ്ങൾ തീരുമാനിക്കുന്നതു വൈകും. വിഷയങ്ങൾ വിശാലബെഞ്ചിന് വിട്ടതിന്റെ സാധുത 9 അംഗ ബെഞ്ച് ആദ്യം പരിഗണിക്കും. നാളെ മുതൽ വാദം കേൾക്കും. ഇതിനുശേഷമേ പരിഗണനാവിഷയങ്ങൾ തീരുമാനിക്കൂ.

പരിശോധിക്കേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കാൻ കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ 17ന് അഭിഭാഷകർ യോഗം ചേർന്നിരുന്നു. എന്നാൽ, അഭിപ്രായ ഐക്യം സാധ്യമായില്ല. ലഭിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ചതു മുതിർന്ന അഭിഭാഷകൻ വി.ഗിരി കോടതിക്കു കൈമാറിയിരുന്നു. പരിശോധനാ വിഷയങ്ങളിൽ തീരുമാനമായാൽ അതു കോടതിയുടെ ഉത്തരവായി നൽകും. അതിനുശേഷമാവും വാദം. മൊത്തം 10 ദിവസമേ വാദം അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close