News

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ മാനേജിംഗ് എഡിറ്റര്‍ പദവികള്‍ ഷാജന്‍ സ്‌കറിയ രാജിവെച്ചു

മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര ഓണ്‍ പത്രത്തിന്റെ തുടക്കക്കാരനും കഴിഞ്ഞ പത്തു വര്‍ഷം ചീഫ് എഡിറ്ററും മാനേജിങ് എഡിറ്ററുമായി പ്രവര്‍ത്തിച്ചിരുന്ന ഷാജന്‍ സ്‌കറിയ മറുനാടന്‍ മലയാളിയിലെ രണ്ട് പദവികളും രാജി വച്ചു. അടിയന്തിര പ്രാധാന്യത്തോടെ ഷാജന്റെ രാജി സ്വീകരിക്കുകയും പകരക്കായി രണ്ടു പേരെ നിയമിക്കുകയും ചെയ്തു. എന്നാല്‍ കമ്പനി ചെയര്‍മാന്‍ പദവിയില്‍ ഷാജന്‍ തുടരും. ഷാജന്‍ ഇതുവരെ വഹിച്ചിരുന്ന ചീഫ് എഡിറ്റര്‍ പദവി ഇനി മുതല്‍ വഹിക്കുക എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം റിജു ആയിരിക്കും. മാനേജിങ് എഡിറ്റര്‍ക്ക് പകരം മാനേജിങ് ഡയറക്ടറായി ഇപ്പോഴത്തെ സിഇഒ ആന്‍ മേരി ജോര്‍ജാണ് നിയമിക്കപ്പെട്ടത്. ഇരുവരും തിങ്കളാഴ്ച ചുമതലയേല്‍ക്കും.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് റിജു മാധ്യമത്തിന്റെ ചീഫ് സബ് എഡിറ്റര്‍ സ്ഥാനം രാജി വച്ചു മറുനാടനില്‍ എക്‌സിക്യുട്ടീവ് എഡിറ്ററായി ചുമതല ഏറ്റത്. മൂന്ന് മാസം തികയും മുന്‍പ് ചീഫ് എഡിറ്റര്‍ പദവിലേയ്ക്ക് പ്രമോഷന്‍ നല്‍കുകയായിരുന്നു. മറുനാടന്‍ മലയാളി, മറുനാടന്‍ ടിവി എന്നിവയുടെ സമ്പൂര്‍ണ എഡിറ്റോറിയില്‍ ചുമതലയുള്ള ചീഫ് എഡിറ്ററായി ആയിരിക്കും റിജു ചുമതല ഏല്‍ക്കുക. എന്നാല്‍ മറുനാടന്‍ ഇതുവരെ തുടര്‍ന്നുപോന്നിരുന്ന സ്വതന്ത്ര എഡിറ്റോറിയല്‍ പോളിസിയില്‍ ഒരു മാറ്റവും ഉണ്ടാകുകയില്ല. വാര്‍ത്തയിലെ നിഷ്പക്ഷത ഉറപ്പുവരുത്തുന്നതിനായി ചെയര്‍മാന്‍ ഷാജന്‍ സ്‌കറിയ, മാനേജിങ് ഡയറക്ടര്‍ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ എം റിജു എന്നിവരുടെ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. മാനേജിങ് ഡയറക്ടര്‍ പദവിക്ക് പുറമെ ഇപ്പോള്‍ വഹിക്കുന്ന സിഇഒ പദവിയും ആന്‍ മേരി ജോര്‍ജ് തുടര്‍ന്നും വഹിക്കും. മറുനാടന്‍ മലയാളി, മറുനാടന്‍ ടിവി, മെട്രോ മലയാളി, മലയാളി ലൈഫ് എന്നീ ഓണ്‍ലൈന്‍ പ്രസിദ്ധീകരണളുടെയെല്ലാം മാനേജിങ് ഡയറക്ടറുടെ ചുമതലയാണ് ആന്‍ മേരി ഏറ്റെടുക്കുന്നത്.ചീഫ് എഡിറ്ററുടെയും മാനേജിങ് എഡിറ്ററുടെയും പദവി രാജി വച്ച ഷാജന്‍ എക്സ് ഒഫിഷ്യോ ചെയര്‍മാനായി മറുനാടന്‍ മലയാളിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടരും. ആവാസ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടനയ്ക്കു രൂപം നല്‍കിയ ഷാജന്‍ കൂടുതല്‍ സമയം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് എഡിറ്റര്‍ സ്ഥാനം രാജി വയ്ക്കുന്നത്. അഭിഭാഷകവൃത്തിയിലും ഇനി കൂടുതല്‍ സമയം ചെലവിടുമെന്നും ഷാജന്‍ അറിയിച്ചു. എന്നാല്‍ മറുനാടന്‍ ടിവിയില്‍ ഏതാനും മാസങ്ങള്‍ ഷാജന്റെ സാന്നിധ്യം സജീവമായി തുടരും. ഇപ്പോള്‍ തുടരുന്ന ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് എന്ന പ്രതിദിന വീഡിയോ പരിപാടി തുടരും. സാധാരണക്കാര്‍ക്ക് സഹായകരമാകുന്ന നിയമങ്ങളെക്കുറിച്ച് മറ്റൊരു വീഡിയോ പരിപാടി കൂടി മറുനാടന്‍ ടിവിയില്‍ തുടങ്ങുന്നതുമാണ്.പത്ത് വര്‍ഷം മുന്‍പാണ് ഷാജന്‍ സ്‌കറിയ മറുനാടന്‍ മലയാളിക്ക് തുടക്കം ഇടുന്നത്. ഷാജന്‍ ബ്രിട്ടനില്‍ ആയിരുന്നപ്പോള്‍ തുടങ്ങിയ ബിട്ടീഷ് മലയാളിയുടെ അത്ഭുതപൂര്‍വ്വമായ വിജയത്തെ തുടര്‍ന്നാണ് മറുനാടന് രൂപം നല്‍കിയത്. ആദ്യം കോട്ടയത്തായിരുന്ന ഓഫീസ് ഏഴു കൊല്ലം മുന്‍പ് തിരുവനന്തപുരത്തേക്ക് മാറ്റുക ആയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ ഹെഡ് ഓഫീസ് കൂടാതെ കൊച്ചിയിലും ഓഫീസ് ഉണ്ട്. മിക്ക ജില്ലകളിലും മറുനാടന്‍ പ്രതിനിധികളും ആയിക്കഴിഞ്ഞു. ഏറ്റവും അധികം ജേര്‍ണലിസ്റ്റുകള്‍ ജോലി എടുക്കുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് മറുനാടന്‍ മലയാളി. ഏതെങ്കിലും ഒരു മലയാള മാധ്യമ സ്ഥാപനത്തിന്റെ മേധാവിയാകുന്ന ആദ്യത്തെ വനിത എന്ന റെക്കോര്‍ഡാണ് തലശ്ശേരിക്കാരിയ ആന്‍ മേരി ജോര്‍ജിനെ തേടി എത്തുന്നത്. കുസ്സാറ്റില്‍ നിന്നും എഞ്ചിനീയറിങ്ങ് പാസ്സായി ഇന്‍ഫോസിസില്‍ ജോലി ചെയ്ത ആന്‍ മേരി ജോര്‍ജ് മറുനാടന്‍ മലയാളിയുട സിഇഒ ആയി 2013 സെപ്റ്റംബറിലാണ് ചുമതലയേല്‍ക്കുന്നത് ലണ്ടനിലെ കിങ്സ് കോളേജില്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം ലണ്ടനിലെ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്ത് മടങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് സിഇഒ പദവിക്കൊപ്പം മാനേജിങ് ഡയറക്ടര്‍ സ്ഥാനം കൂടി ഏറ്റെടുക്കുന്നത്.

ഇരുപതു കൊല്ലമായി മാധ്യമത്തിന്റെ വിവിധ എഡിഷനുകളില്‍ ജോലി ചെയ്ത ശേഷമാണ് റിജു മറുനാടനില്‍ ചേര്‍ന്നത്. ചലച്ചിത്ര നിരൂപകനും, ചെറുകഥാകൃത്തും ഡോക്യുമെന്ററി സംവിധായകനുമായ റിജു സഹഎഴുത്തുകാര്‍ക്കൊപ്പം അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സയന്‍സ് ട്രസ്റ്റ് ഫീച്ചര്‍ സിന്‍ഡിക്കേറ്റിന്റെ സ്ഥാപകാംഗമാണ്. ശാസ്ത്രഗതി, സയന്‍സ് ടുഡേ, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, എഷ്യന്‍ ഏജ് എന്നീ പത്രങ്ങളില്‍ ശാസ്ത്ര ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മൂന്ന് അമേച്വര്‍ നാടകങ്ങളും ഇദ്ദേഹത്തിന്റെതായുണ്ട്. ബിഎസ്സി ബിരുദധാരിയായ റിജു മലയാളത്തിനൊപ്പം സോഷ്യോളജിയിലും മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയാണ്. മറുനാടന്‍ ഇതുവരെ തുടര്‍ന്ന നയങ്ങള്‍ തന്നെയാകും ഇനിയും ഉണ്ടാവുക. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുകയാണ്. എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കിലും വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ബന്ധപ്പെടാവുന്നതാണ്

 

Read more topics: # shajan skariah, # ann mary, # riju,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close