Kerala

ഭരണഘടനാ സംരക്ഷണത്തിന്റെ പേരില്‍ മുസ്ലിം സംഘടനകള്‍ നടത്തിയ പൗരത്വ ഭേദഗതി വിരുദ്ധ റാലി തടഞ്ഞു കണ്ണൂരിലെ പട്ടാളക്കാര്‍

കണ്ണൂര്‍: പൗരത്വ പ്രതിഷേധങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇപ്പോഴും നടക്കുന്നുണ്ട്. വെള്ളിയാഴ്ച്ചകളിലാണ് ഇത്തരം സമരങ്ങള്‍ പതിവായി നടക്കാറുള്ളത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാരത്തിന് ശേഷം ആളുകള്‍ കൂട്ടത്തോടെ പ്രതിഷേധിക്കുന്ന അവസ്ഥയാണ് മിക്കയിടുത്തും. ഇന്നലെയും ഇത്തരത്തില്‍ സമരം പലയിടങ്ങളിലും നടന്നിരുന്നു. എന്നാല്‍, കണ്ണൂര്‍ ജില്ലയില്‍ മുസ്ലിം സംഘടനകള്‍ നടത്തിയ മാര്‍ച്ച് പട്ടാളം ഇടപെട്ട് തടഞ്ഞതോടെ മുന്‍ നിശ്ചയിച്ച പരിപാടി മാറ്റേണ്ടി വന്നു.

വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ മാര്‍ച്ചാണ് കണ്ണൂരില്‍ പട്ടാളം ഇറങ്ങി തടഞ്ഞത്. മാര്‍ച്ച് തുടങ്ങുന്നതിനായി നിശ്ചയിച്ചിരുന്നത് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് പരിസരത്തുള്ള മൈതാനമായിരുന്നു. ഈ സ്ഥലം കണ്ണൂര്‍ ഡി.എസ്.സി.(ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്)യുടെ അധീനതയിലുള്ളതാണ്. ഈ സ്ഥലം കേന്ദ്രീകരിച്ച് പ്രകടനം നടത്തരുതെന്ന് പട്ടാളം പ്രകടനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാപ്രാധാന്യമുള്ള സ്ഥലമെന്ന നിലയിലാണ് ഈ നിര്‍ദ്ദേശം പട്ടാളക്കാര്‍ മുന്നോട്ടു വെച്ചത്.

ഇതിനിടെ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടേക്ക് എത്തിയെങ്കിലും സ്ഥലത്ത് ആയുധവുമേന്തി പട്ടാളക്കാര്‍ അണിനിരന്നു. തുടര്‍ന്ന് പ്രകടനം ആരംഭിക്കാനുള്ള സ്ഥലം കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്തേക്ക് മാറ്റി. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരം വര്‍ഷങ്ങളായി നഗരത്തിലേക്കുള്ള റാലികള്‍ ആരംഭിക്കുന്ന ഇടമായിരുന്നു. നേരത്തെയും പലപ്പോഴും ഈ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുകയും അന്യര്‍ക്ക് പ്രവേശനമില്ലെന്ന് പട്ടാളം ബോര്‍ഡ് വെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തരം നടപടികള്‍ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് എത്തിച്ചേര്‍ന്നതോടെ പട്ടാളം കര്‍ശനവിലക്കുമായി എത്തുകയായിരുന്നു. പൗരത്വ നിയമത്തിന് എതിരായ സമരം ആയതു കൊണ്ടാണ് പട്ടാളം കര്‍ശനമായി ഇടപെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

സാധാരണ ഗതിയില്‍ ക്രമസാമാധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പട്ടാളം ഇടപെടാറില്ല. പൊലീസാണ് ഇത്തരം കാര്യങ്ങള്‍ നോക്കുന്നത്. എന്നാല്‍, പട്ടാളക്യാമ്പിനോട് ചേര്‍ന്ന സ്ഥലം ആയതിനാല്‍ക കൂടിയാണ് പട്ടാളക്കാര്‍ സ്ഥലത്തെത്തിയത്.

 

Read more topics: # kannur, # soldier, # nrc india, # npr,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close