News

ജംബോ പട്ടിക ചുരുക്കാൻ ശ്രമിച്ച മുല്ലപ്പള്ളിക്ക് കോൺഗ്രസിലെ ഗ്രൂപ്പു നേതാക്കൾ നൽകിയത് 'സൂപ്പർ ജംബോ' പട്ടിക! കെപിസിസിക്ക് നാല് വർക്കിങ് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡന്റുമാരും അടങ്ങുന്ന ലിസ്റ്റ് തയ്യാർ; വി ഡി സതീശനും തമ്പാനൂർ രവിയും വർക്കിങ് പ്രസിഡന്റുമാർ; ജനറൽ സെക്രട്ടറിമാരായി എത്തുന്നത് 33 പേർ; ഹൈക്കമാൻഡിന് നൽകിയ പട്ടികയിൽ ഉള്ളത് 60 സെക്രട്ടറിമാരും; ഭാരവാഹിത്വത്തിൽ അന്തിമ തീരുമാനം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കൈക്കൊള്ളും

 കോണ്‍ഗ്രസിലെ സ്ഥാനമോഹികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കെപിസിസിയുടെ ഭാരവാഹിത്വം നല്‍കുമ്പോള്‍ പട്ടിക ചുരുക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടിയത് എട്ടിന്റെ പണി. കേരളത്തിലെ ഗ്രൂപ്പു മാനേജര്‍മാര്‍ എല്ലാ കാര്യങ്ങളും നിശ്ചയിച്ചതോടെ ജംബോ ഭാഹവാഹിത്വ പട്ടികയാണ് പുറത്തുവരാന്‍ ഒരുങ്ങുന്നത്. നാലു വര്‍ക്കിങ് പ്രസിഡന്റുമാര്‍ അടങ്ങുന്ന കെപിസിസി ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു കൈമാറി. അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉടന്‍ കൈക്കൊള്ളും. ഗ്രൂപ്പ് ചര്‍ച്ചകളെത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് പട്ടികയിലുള്ളവര്‍ ഏഴില്‍ നിന്നു പത്തായി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷും കെഎസ്യു മുന്‍ പ്രസിഡന്റ് വി എസ്. ജോയിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. എ, ഐ ഗ്രൂപ്പുകള്‍ക്കു പുറമേ വി എം. സുധീരന്‍, പി.സി. ചാക്കോ എന്നിവര്‍ സമര്‍പ്പിച്ച പേരുകളും പട്ടികയിലുണ്ട്. വര്‍ക്കിങ് പ്രസിഡന്റുമാരായി വി ഡി സതീശനും തമ്പാനൂര്‍ രവിയും കൂടി എത്തുന്നു എന്നതാണ് പ്രത്യേകത നിലവില്‍ ഈ സ്ഥാനത്തിരിക്കുന്ന കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍ എന്നിവര്‍ തുടരും.

അതേസമയ വൈസ് പ്രസിഡന്റുമാരായി പരിഗണിക്കുന്നത് ഇവരെയാണ്: വര്‍ക്കല കഹാര്‍, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലന്‍, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്‍, വി എസ്. ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍, എ.പി. അനില്‍ കുമാര്‍, സി.പി. മുഹമ്മദ്, കെ.ബാബു. ഏക ട്രഷറര്‍ ആയി കെ കെ കൊച്ചുമുഹമ്മദ് എത്തും. 33 പേരാണ് ജനറല്‍ സെക്രട്ടറി മാരായി പരിഗണിക്കുന്നത്.

ജനറല്‍ സെക്രട്ടറിമാര്‍: വി.എ. കരീം, പാലോട് രവി, പ്രതാപവര്‍മ തമ്പാന്‍, ഷാനവാസ് ഖാന്‍, കെ.സി. അബു, മുഹമ്മദ് കുഞ്ഞി, ഡൊമിനിക് പ്രസന്റേഷന്‍, അബ്ദുല്‍ മുത്തലിബ്, പി.എ. മാധവന്‍, കെ. ശിവദാസന്‍ നായര്‍, റോയ് കെ. പൗലോസ്, കുര്യന്‍ ജോയ്, വി എസ്. ജോയ്, എഴുകോണ്‍ നാരായണന്‍, പി. ചന്ദ്രന്‍, കരകുളം കൃഷ്ണപിള്ള, എന്‍. സുബ്രഹ്മണ്യന്‍, വി.ജെ. പൗലോസ്, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. സുരേന്ദ്രന്‍, പത്മജ വേണുഗോപാല്‍, രമണി പി. നായര്‍, കെ. നീലകണ്ഠന്‍, സജീവ് മാറോളി, എ.എ. ഷുക്കൂര്‍, പി.എം. നിയാസ്, കെ.പി. അനില്‍കുമാര്‍, വിജയന്‍ തോമസ്, സി.ആര്‍. മഹേഷ്, ടോമി കല്ലാനി, ജോണ്‍സണ്‍ ഏബ്രഹാം, ഡി. സുഗതന്‍.

60 പേരുമായി സെക്രട്ടറിമാരുടെ പട്ടികയും ഹൈക്കമാന്‍ഡിനു നല്‍കിയിട്ടുണ്ട്. സെക്രട്ടറിമാരുടെ പ്രഖ്യാപനം തല്‍ക്കാലം മാറ്റിവച്ച് ബാക്കി പട്ടിക ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നതിന്റെ സാധ്യത പാര്‍ട്ടി നേതൃത്വം പരിശോധിക്കുന്നുണ്ട്. സെക്രട്ടറിമാരുടെ പട്ടികയില്‍ വനിതകള്‍, യുവാക്കള്‍ എന്നിവര്‍ക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. അതായത് ഇനിയും ആളുകള്‍ സെക്രട്ടറിമാരാകും. ജംബോ കമ്മിറ്റിയില്‍ അതൃപ്തി അറിയിച്ച് ഏതാനും നേതാക്കള്‍ അടുത്തിടെ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ടിരുന്നു. ഗ്രൂപ്പുകള്‍ക്കു പുറമേ മുതിര്‍ന്ന നേതാക്കളായ കെ. മുരളീധരന്‍, വി എം. സുധീരന്‍ എന്നിവരും സ്വന്തം നിലയില്‍ പട്ടിക കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ തങ്ങിയ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോണിയ, ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയിലെത്തി. പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം സോണിയയ്ക്കു വിട്ടു. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാകും പ്രഖ്യാപനം. മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു. അങ്ങനെ സ്ഥാന മോഹികളെല്ലാം ഡല്‍ഹിയില്‍ കേന്ദ്രീകരിക്കുകയാണ്. കെ സി വേണുഗോപാലിന്റേയും എ കെ ആന്റണിയുടേയും നിലപാടുകളും നിര്‍ണ്ണായകമാകും. കേരളത്തിലെ പുനഃസംഘടനയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടില്ലെന്നും സൂചനയുണ്ട്

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close