News
മഞ്ചേരിയിലെ പരേതർക്ക് വേണ്ടി ജീവിതം മാറ്റിവച്ച സന്നദ്ധ സേവകന്റെ കഥ
പോസ്റ്റ്മോർട്ടം ടേബിളിൽ കീറിമുറിച്ച മൃതദേഹം പൊതിഞ്ഞുകെട്ടി തരുമ്പോൾ ഏറ്റുവാങ്ങാൻ ഉറ്റവർ മരവിച്ച മനസ്സുമായി നിൽക്കുമ്പോൾ മുൻപിൽ കാണുന്ന ഒരു മുഖമാണ് ഹമീദിന്റേത്. കയ്യുറ ധരിച്ച്, പുതയ്ക്കാൻ വെള്ള തുണിയുമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി പരിസരത്തു നടക്കുന്ന കുറിയ മനുഷ്യൻ. ഈ മനുഷ്യന്റേതാണ് മരണം അറിയിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പ്. അഡ്മിനും ഹമീദാണ്.മഞ്ചേരിയിലെയും പരിസരത്തെയും മരണ വിവരം അറിയിക്കാനാണ് ഗ്രൂപ്പ്. ഇതിനകം ആയിരങ്ങളുടെ മരണ വിവരം ഗ്രൂപ്പിലൂടെ നാട് അറിഞ്ഞു. മരണ വിവരം മാത്രമാണ് ഇതിൽ നൽകുക. മറ്റെന്തെങ്കിലും അയച്ചാൽ അയാൾ ഗ്രൂപ്പിൽനിന്നു പുറത്ത്. പിന്നീട് തിരിച്ചെടുക്കില്ല. ജനാധിപത്യ രീതിയിലാണ് ഗ്രൂപ്പ് പ്രവർത്തനം. ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം നടന്ന കൺവെൻഷൻ.
മൃതദേഹം പരിപാലനം, മരണ വാർത്തകൾ നാടിനെ അറിയിക്കുക തുടങ്ങിയവ ജീവിത ദൗത്യമായി കരുതുകയാണ് ഹമീദ്. ദുരൂഹ മരണം, ആത്മഹത്യ, അപകടത്തിൽ മരിച്ചത്, തിരിച്ചറിയാത്തത് തുടങ്ങി ദിവസം 2 മൃതദേഹം എങ്കിലും മോർച്ചറിയിൽ എത്തും. ഡോക്ടറുടെ ജോലി കഴിഞ്ഞാൽ മോർച്ചറിക്കു മുൻപിൽ ഏറ്റുവാങ്ങാൻ ഹമീദ് ഉണ്ടാകും. കുളിപ്പിക്കാൻ, വെള്ള പുതയ്ക്കൽ, എംബാം ചെയ്യൽ, ആംബുലൻസ് ഒരുക്കൽ തുടങ്ങിയവയ്ക്കു സൗകര്യം ഒരുക്കും. ചിലപ്പോഴതു മരിച്ചു ദിവസങ്ങൾ കഴിഞ്ഞ മൃതദേഹങ്ങളുമാകാം. മൃതദേഹങ്ങളെ അവയുടെ മതാചാരപ്രകാരം പരിപാലനവും കഴിഞ്ഞാണ് ബന്ധുക്കൾക്ക്, ബന്ധപ്പെട്ടവർക്കു കൈമാറുക. ഹമീദിനെ സഹായിക്കാൻ കൊച്ച് ആർമിയും ഉണ്ട് ഇന്ന്. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹങ്ങൾക്കുമേലുള്ള മതപരമായ ചടങ്ങുകൾ നിർവഹിക്കുക എന്നത് എല്ലാവരും അനുഭവിക്കുന്ന വലിയ പ്രതിസന്ധിയാണ്. എന്നാൽ, ഹമീദും സംഘവും ഇക്കാര്യത്തിലാണ് ഏറെ വിദഗ്ദ്ധർ. മൃതദേഹങ്ങൾ ഏറ്റുവാങ്ങി വൃത്തിയാക്കി അതതു മതക്കാർക്കനുസരിച്ചു കർമങ്ങൾ നിർവഹിച്ചു ബന്ധപ്പെട്ടവർക്ക് ഏൽപ്പിക്കുകയാണ് ഹമീദ് ചെയ്യുന്നത്.
എത്ര സമ്പത്തുള്ളവനും ദൈവവിധിക്കു മുൻപിൽ നിസാരനാണ്. നിങ്ങളുടെ സമ്പത്ത് നാളെ എന്തു ചെയ്യണമെന്ന മനപ്രയാസത്തോടെയാണു നിങ്ങൾ രാത്രി ഉറങ്ങാൻ കിടക്കുന്നതെങ്കിൽ, ഞങ്ങൾ പകൽ ചെയ്ത ഈ സേവനത്തിന്റെ മനസംതൃപ്തിയിലാണു കിടന്നുറങ്ങുന്നത്. ഈ സന്നദ്ധ പ്രവർത്തകർക്കു സേവനമെന്നതു വിശ്വാസത്തിന്റെ ഭാഗമാണ്. മൃതദേഹങ്ങളെ മതവിവേചനമില്ലാതെ പരിപാലിക്കാനും കൈകാര്യം ചെയ്യാനും മനക്കരുത്ത് നൽകുന്നതും ആ വിശ്വാസം തന്നെയാണ്. അതുകൊണ്ട് പലരും ഈ സേവന പ്രവർത്തനത്തിനു വില നിശ്ചയിച്ചപ്പോൾ ഇതു തന്റെ മതത്തിന്റെ കൽപനയാണെന്നു പറഞ്ഞു തിരസ്കരിക്കേണ്ടി വന്നിട്ടുണ്ട് ഹമീദിന്.
ഹമീദ് കൊടവണ്ടിക്ക് പാരമ്പര്യമായി കിട്ടിയതാണ് ഈ സേവനമനസ്. പ്രത്യേകിച്ചും മൃതദേഹ പരിപാലനം. പിതാവും പിതാവിന്റെ അച്ഛനും ഇത്തരം സേവനങ്ങൾക്കു നാട്ടിൽ കേളികേട്ടവരായിരുന്നു. പൊതുപ്രവർത്തനങ്ങളിലും സന്നദ്ധ സേവനങ്ങളിലും അവർ എന്നും മുൻപിലുണ്ടായിരുന്നു. പിതാവിന്റെ കൂടെ മയ്യിത്ത് പരിപാലനത്തിനു സഹായിക്കാൻ പോകാറുണ്ടായിരുന്നു. എന്നാൽ ആദ്യമായി അത്തരമൊരു കാര്യം നേരിട്ട് ചെയ്യുന്നത് പിതാവിന്റെ മയ്യിത്ത് തന്നെയാണ്. 1993ൽ പിതാവിന്റെ മൃതദേഹം കുളിപ്പിച്ചു തുടക്കമിട്ട ആ സേവനദൗത്യം രണ്ടര പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു.
പിതാവ് മുഹമ്മദിന്റെ മൃതദേഹം പരിപാലിച്ചാണു തുടക്കം. 1993ൽ ആയിരുന്നു മരണം. ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ സിമന്റ് തറയിൽ വച്ചാണ് മൃതദേഹം പരിപാലിക്കൽ. തേലക്കാട് ബസ് അപകടം, ഓടക്കയം കോളനി ഉരുൾപൊട്ടൽ, കവളപ്പാറ ദുരന്തം തുടങ്ങി ഏതാനും കൂട്ടമരണത്തിലും ഹമീദിന്റെ സേവന ഹസ്തം എത്തി. കവളപ്പാറയിൽ ചെളി പുരണ്ട 28 മൃതദേഹങ്ങൾ ഹമീദിന്റെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കി മേശയിൽ കിടത്തി. അതിനു കലക്ടറുടെ പ്രത്യേക പുരസ്കാരവും തേടിയെത്തി.
മെഡിക്കൽ കോളജിന്റെ പഴയരൂപം ജില്ലാ ആശുപത്രിയായിരുന്നു. ഓടിട്ട പുരയായിരുന്നു അന്നത്തെ മോർച്ചറി. പോസ്റ്റ്മോർട്ടം നടത്തുന്ന സിമന്റ് തറയിൽ തന്നെയായിരുന്നു അന്നു മൃതദേഹം വൃത്തിയാക്കാനും ഡ്രസ്സ് ചെയ്യാനും ഉപയോഗപ്പെടുത്തിയിരുന്നത്. അസൗകര്യങ്ങൾക്കു നടുവിലാണെങ്കിലും മയ്യിത്ത് കുളിപ്പിക്കലും കഫൻ ചെയ്യലുമടക്കം അന്ന് ഒറ്റയ്ക്കു തന്നെ നിർവഹിച്ചു. ഇപ്പോൾ ഗവ. മെഡിക്കൽ കോളജ് കോംപൗണ്ടിൽ തന്നെ മയ്യിത്ത് കുളിപ്പിക്കുന്നതടക്കമുള്ള മൃതദേഹ പരിപാലനത്തിനുള്ള കെട്ടിടം വന്നതിനു പിന്നിലും ഹമീദിന്റെ കരങ്ങളുണ്ട്. വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറിയായി സേവനം ചെയ്തിരുന്ന ഇ.കെ ചെറിയാക്കയുടെ ശ്രമഫലമാണ് ഇന്നു കാണുന്ന മോർച്ചറിക്കടുത്തുള്ള മൃതദേഹം കുളിപ്പിക്കാനുള്ള കെട്ടിടം. ജില്ലാ പഞ്ചായത്തിനു കീഴിൽ ആശുപത്രിക്കു പുതിയ ബ്ലോക്ക് വന്നപ്പോൾ ചെറിയാക്ക ഹമീദിനെ വിളിച്ച് ഇവിടെ സൗകര്യപ്പെടുത്തിയാൽ ചെയ്തുവരുന്ന ഈ സേവനം വിപുലപ്പെടുത്തിക്കൂടെ എന്നാരായുകയും അതിനുവേണ്ട അംഗീകാരം ജില്ലാപഞ്ചായത്തിൽനിന്ന് വാങ്ങുകയും ചെയ്തു. അങ്ങനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 2007ൽ ആ കെട്ടിടം നിർമ്മിച്ചു.
പുതിയ കെട്ടിടം വന്നതോടെ മോർച്ചറിയിലെത്തുന്ന ഏതു മൃതദേഹവും വൃത്തിയാക്കുന്ന കാര്യം സ്വയം ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. അതിൽ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും ആദിവാസിയും ഇതര സംസ്ഥാനക്കാരും അജ്ഞാതരും എല്ലാമുണ്ടാകും. കത്തിക്കരിഞ്ഞു തിരിച്ചറിയാൻ കഴിയാതെ വെന്തുരുകിയവരും ദിവസങ്ങളോളം ആരും കാണാതെ കിടന്ന അളിഞ്ഞ മൃതദേഹങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വന്തം കുടുംബം പോലും ധൈര്യത്തോടെ അടുക്കാൻ അറക്കുന്ന ബോഡി പോലും ഒരു വൈമനസ്യവുമില്ലാതെ ഹമീദും കൂട്ടരും ഏറ്റെടുത്തു വൃത്തിയാക്കി ബന്ധുക്കൾക്കു കൈമാറും.