News

ലണ്ടനിലെ ചില മുൻ സിപിഎമ്മുകാർ ഉണ്ടാക്കിയ കടലാസു സംഘടനയ്ക്ക് ഫിഷറീസ് വകുപ്പിന്റെ ശുചിത്വസാഗരം പദ്ധതിയുടെ ചുമതല നൽകാൻ നീക്കം; ജർമ്മൻ സാങ്കേതിക വിദ്യയിൽ പ്ളാസ്റ്റിക് പൊടിക്കൽ യന്ത്രം വാങ്ങുമെന്നും തൊഴിലാളികൾക്ക് വേതനം നൽകുമെന്നും പ്രഖ്യാപിച്ച സംഘടനയുടെ പക്കൽ നയാപൈസ ഫണ്ടില്ല; ലണ്ടൻ സഹായമെന്ന് കൊട്ടിഘോഷിച്ച് സർക്കാറിന്റെ കൺകെട്ടു വിദ്യയും; ശുചിത്വസാഗരം പദ്ധതി രാജേഷ് കൃഷ്ണയുടെയും സംഘത്തിനേയും കൈയിലുള്ള പ്ലാസ്റ്റ് സേവിനെ ഏൽപ്പിക്കുന്നത് വിവാദമാകുമ്പോൾ

ഫിഷറീസ് വകുപ്പിന്റെ പ്രസ്റ്റീജ് പദ്ധതിയായ ശുചിത്വസാഗരം പദ്ധതി നടത്തിപ്പ് ലണ്ടനിലെ ചില മുന്‍ സിപിഎമ്മുകാര്‍ ചേര്‍ന്നുണ്ടാക്കിയ ഒരു കടലാസ് സംഘടനയ്ക്ക് നല്‍കാനുള്ള മന്ത്രിതല നീക്കം വിവാദമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളെ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് തുടക്കമിട്ട ശുചിത്വസാഗരം പദ്ധതിയെ ലണ്ടനിലെ കടലാസ് സംഘടനയ്ക്ക് തീറെഴുതാനുള്ള വകുപ്പ് മന്ത്രിയുടെ നീക്കം തന്നെയാണ് പദ്ധതിയുടെ ഭാവിയെ കരിനിഴലിലാക്കുന്നത്. ഒരു വര്‍ഷം മുമ്പ് മാത്രം രൂപീകരിച്ച പ്ലാസ്റ്റ് സേവ് എന്ന സംഘടനയെയാണ് പദ്ധതി ഏല്‍പ്പിക്കുന്നത്. ലണ്ടനിലെത്തുന്ന സിപിഎം നേതാക്കള്‍ക്കും കടകംപള്ളിയും തോമസ് ഐസക്കും പോലുള്ള മന്ത്രിമാര്‍ക്കും ആതിഥ്യം അരുളുന്ന രാജേഷ് കൃഷ്ണയുടെയും സംഘത്തിന്റെ സംഘടനയാണ് ഇത്. ഈ സംഘടനയ്ക്കാണ് ഐക്യരാഷ്ട്രസസഭ പ്രശംസിച്ച പദ്ധതിയുടെ നടത്തിപ്പു ചുമതല നല്‍കുന്നത്. പദ്ധതിക്ക് ലണ്ടന്‍ സഹായം എന്നു പറഞ്ഞ് കണ്‍കെട്ട് വിദ്യയിലൂടെയാണ് ഈ പദ്ധതിയെ സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.

ഫിഷറീസ് വകുപ്പ് നീണ്ടകരയില്‍ നടപ്പാക്കിയ പദ്ധതിക്ക് ലണ്ടനില്‍നിന്ന് സഹകരണ വാഗ്ദാനമെന്നു മന്ത്രി തന്നെ വ്യക്തമാക്കിയെങ്കിലും അത് കടലാസില്‍ മാത്രമുള്ള സഹായ വാഗ്ദാനമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്ളാസ്റ്റിക് പൊടിക്കല്‍ യന്ത്രം വാങ്ങുന്നതിനും തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനുമുള്ള സഹായമാണ് ഇവര്‍ നല്‍കുക എന്നാണ് മന്ത്രി വ്യക്തമാക്കിയത്. തങ്ങളുടെ കയ്യില്‍ ഫണ്ടുകളുമില്ല, പദ്ധതികളുമില്ല മുന്നിലുള്ളത് ശുചിത്വ സാഗരം പദ്ധതി മാത്രമെന്ന് ലണ്ടനിലെ പ്ലാസ്റ്റ് സേവ് മറുനാടനോട് വ്യക്തമാക്കിയത്. ഇതോടെയാണ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയുടെ വാഗ്ദാനത്തിലെ പൊള്ളത്തരം വെളിയില്‍ വന്നത്. വകുപ്പിന്റെ പ്രസ്റ്റീജ് പദ്ധതിക്ക് സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നതായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ തന്നെ അവകാശപ്പെടുന്ന ലണ്ടനിലെ പ്ലാസ്റ്റ് സേവും കേരളത്തിലെ വൊളന്റിയര്‍ കേരളയും കടലാസില്‍ മാത്രമൊതുങ്ങുന്ന സംഘടനകളായതിനാലാണ് മന്ത്രിയുടെ അവകാശ വാദത്തില്‍ സംശയങ്ങള്‍ ഉയരുന്നത്.

ഐക്യരാഷ്ട്രസഭയും ലോകസാമ്പത്തിക ഫോറവും പ്രശംസിച്ച ശുചിത്വസാഗരം പദ്ധതിയാണ് ഇപ്പോള്‍ രണ്ടു കടലാസ് സംഘടനകളുടെ കൈപ്പിടിയില്‍ ഒതുങ്ങാന്‍ പോകുന്നത്. സിപിഎമ്മില്‍ നിന്നും വന്ന ശക്തമായ സമ്മര്‍ദ്ദമാണ് പദ്ധതി പ്ലാസ്റ്റ് സേവിനു കൈമാറാനുള്ള നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്ലാസ്റ്റ് സേവ് ഫൗണ്ടര്‍മാരില്‍ ഒരാളായ രാജേഷ് കൃഷ്ണ ശക്തമായ സിപിഎം ബന്ധങ്ങള്‍ ഉള്ള വ്യക്തിയാണ്. ധനമന്ത്രി തോമസ് ഐസക്കിലേക്ക് നീങ്ങുന്ന ശക്തമായ ബന്ധങ്ങളാണ് രാജേഷ് കൃഷ്ണയ്ക്ക് തുണയാകുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏഴു ലക്ഷം രൂപ വില വരുന്ന മെഷീനാണ് നീണ്ടകരയില്‍ ഉപയോഗിക്കുന്നത്. ഈ മെഷീന് ഒട്ടനവധി പരിമിതികളുമുണ്ട്. ഈ മെഷീന്‍ മാറ്റി ജര്‍മ്മന്‍ മെഷീന്‍ കൊണ്ടുവരാം. യൂണിറ്റിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തുക വര്‍ദ്ധിപ്പിച്ച് നല്‍കുകയും ചെയ്യാം. ഒപ്പം പദ്ധതി കേരളത്തിലെ എല്ലാ ഹാര്‍ബറുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യാം.

ഇത്തരം വാഗ്ദാനങ്ങളാണ് പ്ലാസ്റ്റ് സേവ് മന്ത്രിക്ക് മുന്നില്‍ നിരത്തിയത്. ഈ വാഗ്ദാനങ്ങളുടെ വെളിച്ചത്തിലാണ് പദ്ധതിക്ക് ലണ്ടന്‍ സഹായമെന്ന പ്രസ്താവനയും വന്നത്. പക്ഷെ ഫണ്ടില്ലാത്ത ഒരു കമ്പനിയില്‍ നിന്നാണ് ഫണ്ട് നല്‍കാം എന്ന വാഗ്ദാനം വന്നത് വകുപ്പ് ഗൗരവത്തില്‍ എടുത്തതായി സൂചനകളില്ല. പദ്ധതിക്ക് ഫണ്ട് വേണം. ഈ ഫണ്ട് പ്ലാസ്റ്റ് സേവ് ലഭ്യമാക്കും. പക്ഷെ കമ്പനിക്ക് ഫണ്ടില്ല. ഫണ്ടില്ലാത്ത കമ്പനിയാണ് പദ്ധതിക്ക് ഫണ്ട് നല്‍കാം എന്ന് ഫിഷറീസ് മന്ത്രി മുന്‍പാകെ ചര്‍ച്ചയില്‍ അറിയിച്ചത്. സഹായവാഗ്ദാനവുമായി പ്ലാസ്റ്റ് സേവ് ആണ് വകുപ്പ് മന്ത്രിയെ സമീപിച്ചത്. ഫണ്ടില്ലാത്ത കമ്പനി എന്ന് തുറന്നു സമ്മതിക്കുന്ന കമ്പനി ഫണ്ട് നല്‍കാം എന്ന് സര്‍ക്കാരിനു മുന്നില്‍ വാഗ്ദാനം നടത്തുമ്പോള്‍ ഇതില്‍ തന്നെ ഒട്ടനവധി സംശയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.

 

Read more topics: # suchitwa, # suchitwa sagaram,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close