Kerala

ഒരു വിൽപ്പനച്ചരക്ക് എന്ന നിലയിലായിരുന്നു അവരുടെ പെരുമാറ്റം; നിരന്തരം കിടപ്പറകളിലേക്കുള്ള ക്ഷണങ്ങൾ നൽകുന്ന മാനസിക സമ്മർദ്ദം ചെറുതൊന്നുമല്ല; കിടപ്പറയിൽ ഇല്ലാത്ത അയിത്തം മറ്റെല്ലാ മേഖലകളിലുമുണ്ട് താനും; മലയാള സിനിമയിൽ ട്രാൻസ് ജെന്റർ ആർട്ടിസ്റ്റ് നേരിടേണ്ടി വന്ന ദുരവസ്ഥ പറഞ്ഞ് സുകന്യ കൃഷ്ണ

'ആക്ട് വിത്ത് ബഡ്' സംവിധാനം മലയാള സിനിമയിൽ പലകാലങ്ങളിലായി ഉണ്ടായിരുന്നെന്ന തുറന്നു പറച്ചിലുകൾ പലരും നടത്തിയിട്ടുണ്ട്. എന്നാൽ, ഒരു ട്രാൻസ്‌ജെൻഡർ ആർട്ടിസ്റ്റ് ഈ മേഖലയിലേക്ക് കടന്നുവരുമ്പോൾ എന്തൊക്കെ വെല്ലുവിളി നേരിടേണ്ടി വരും. നിരവധി വെല്ലുവിളികൾ ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കയാണ് ഒരു ട്രാൻസ്‌ജെന്റർ ആക്ട്രസായ സുകന്യ കൃഷ്ണ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സുകന്യയുടെ തുറന്നു പറച്ചിൽ.

ബാംഗളൂരിൽ ഫ്രീലാൻസ് വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്ന സുകന്യ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവമാണ് തുറന്നു പറഞ്ഞത്. ട്രാൻസ്ജെന്ററുകൾ എന്നാൽ ലൈംഗിക തൊഴിലാളികൾ മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയിലായിരുന്നു ഷൂട്ടിങ് നടന്നതെന്നാണ് അവർ പറയുന്നത്. ഒരു വില്പനച്ചരക്ക് എന്ന നിലയിലായിരുന്നു അവരുടെ പെരുമാറ്റം. ഈ സിനിമയുമായി ബന്ധപ്പെട്ട പലരും അവരുടെ കിടപ്പറയിലേക്ക് വരെ ക്ഷണിക്കുകയുണ്ടായിെന്നും അവർ തുറന്നു പറയുന്നു.

 

പൊതിച്ചോർ കൊണ്ടുവരും പോലെയായിരുന്നു അവിടെ കഞ്ചാവ് പൊതികൾ കൊണ്ടുവന്നിരുന്നത്. ഇത് നേരിട്ട് കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് താനെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു. തൊഴിലിടത്തിലെപീഡനത്തെ കുറിച്ച് ഡബ്ല്യുസിസിയോട് തുറന്നു പറഞ്ഞിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നുമാണ് അവർ വ്യക്തമാക്കിയത്.

സുകന്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

നമസ്‌കാരം, എന്റെ പേര് സുകന്യ കൃഷ്ണ. ഞാൻ ഒരു ട്രാൻസ്ജെന്റർ വ്യക്തിയാണ്. ബാംഗളൂരിൽ ഫ്രീലാൻസ് വെബ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു. 2019 നവംബറിൽ മുതൽ ഒരു മലയാള സിനിമയിൽ ഒരു പ്രധാന റോളിൽ അഭിനയിച്ചിരുന്നു. തമിഴ് നാട്ടിലെ ഗൂഡല്ലൂരിലും കേരളത്തിലെ എടക്കരയിലും ഒക്കെയായിരുന്നു പ്രധാന ഷൂട്ടിങ് ലൊക്കേഷനുകൾ. പതിനേഴ് ദിവസം കൊണ്ട് പൂർത്തിയാകും എന്ന് വാക്കാൽ ഒരു ഉറപ്പും നൽകിയിരുന്നു. പക്ഷേ, സിനിമ ഷെഡ്യൂളുകളായി നീണ്ടു. ഏകദേശം ഒരു വർഷത്തോളം സമയം എടുത്ത് കഴിഞ്ഞ വർഷം (2020) നവംബറിലാണ് ആ സിനിമ പൂർത്തിയായത്.

ഈ കാലഘട്ടം അത്രയും ധാരാളം തിക്താനുഭവങ്ങൾ ഒരു ട്രാൻസ്ജെന്റർ എന്ന നിലയിൽ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനമായും, ട്രാൻസ്ജെന്ററുകൾ എന്നാൽ ലൈംഗിക തൊഴിലാളികൾ മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയിലായിരുന്നു ഞാൻ. അവരുടെ അത്തരമൊരു ചിന്താഗതി കൊണ്ടുതന്നെ, ഈ സിനിമയിലെ പെർവർട്ടുകൾക്കായി എത്തിക്കപ്പെട്ട ഒരു വില്പനച്ചരക്ക് എന്ന നിലയിലായിരുന്നു അവരുടെ പെരുമാറ്റം. ഈ സിനിമയുമായി ബന്ധപ്പെട്ട പലരും അവരുടെ കിടപ്പറയിലേക്ക് വരെ എന്നെ ക്ഷണിക്കുകയുണ്ടായി.

ഈ വിഷയവുമായി ബന്ധപ്പെട്ട് 2020 ജനുവരി ഒമ്പതിന്, WCC ക്ക് ഒരു ഇമെയിലും അയച്ചിരുന്നു. തൊഴിലിടങ്ങളിലെ ചൂഷണങ്ങളെ കുറിച്ചുള്ള ധാരാളം വാർത്തകൾ നാം സ്ഥിരം കേൾക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം ആരോട് പരാതിപ്പെടണം എന്ന വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇരയ്ക്ക് നൽകാൻ സംവിധാനങ്ങളുമുണ്ട്. എന്നാൽ സിനിമയിൽ നിലനിൽക്കണമെങ്കിൽ ഈ ചൂഷണങ്ങൾ എല്ലാം സഹിച്ചേ മതിയാകൂ, എന്ന നിലയിൽ ഒരു അലിഖിത നിയമം തന്നെ ഇന്ന് നിലവിലുണ്ട്. അതിന് അവർക്കൊരു ടാഗ്ലൈൻ തന്നെയുണ്ട്... 'സിനിമ ഇങ്ങനെയാണ്, സിനിമയിൽ ഇങ്ങനെയാണ്...' എല്ലാ കൊള്ളരുതായ്മകളും മൂടി വെയ്ക്കാനുള്ള ലൈസൻസ് ആയി തന്നെ, ഈ രണ്ടു വാചകങ്ങളെ അവർ മാറ്റിയെടുത്തിരിക്കുന്നു.

ഈ അവസ്ഥ മാറണം, ധാരാളം സ്വപ്നങ്ങളുമായി സിനിമയിലേക്ക് എത്തുന്ന ഒരു വ്യക്തിയും ചൂഷണം ചെയ്യപ്പെടരുത്. ആ ഉദ്ദേശത്തോടെയാണ്, മലയാള സിനിമയിലെ എന്റെ കരിയർ തന്നെ എന്നെന്നേക്കുമായി അവസാനിപ്പിച്ചേക്കാവുന്ന ഒരു തുറന്ന് പറച്ചിലിന് ഞാൻ മുതിരുന്നത്. എല്ലാ പുതുമുഖങ്ങളെയും ഭാവിയിൽ ലഭിച്ചേക്കാവുന്ന അവസരങ്ങൾ കാട്ടിയാണ് കൊതിപ്പിക്കുന്നതും, അതെ വാക്കുകൾ തന്നെ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തുന്നതും.

കിടപ്പറയിൽ ഇല്ലാത്ത അയിത്തം മറ്റെല്ലാ മേഖലകളിലും ഇവർ ഒരു ട്രാന്‌സ്‌ജെന്ററിന് കല്പിക്കുന്നുണ്ട് എന്നതാണ് ഒരു വിരോധാഭാസം. എന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം... ഈ മുകളിൽ പറഞ്ഞ സിനിമയ്ക്കായി ഏറ്റവും അധികം വിട്ടുവീഴ്ചകൾ ചെയ്ത ഒരു വ്യക്തിയാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടിട്ടായാണ് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന എന്റെ പഠനം ഞാൻ പുനഃരാരംഭിച്ചത്. ഈ സിനിമയ്ക്ക് വേണ്ടി അതിന്റെ പരീക്ഷ പോലും എഴുതാതെ കൂടെ നിന്നു.

നിരന്തരം കിടപ്പറകളിലേക്കുള്ള ക്ഷണങ്ങൾ നൽകുന്ന മാനസിക സമ്മർദ്ദം ചെറുതൊന്നുമല്ല. (പ്രത്യേകിച്ചും..., നമ്മൾ വഴങ്ങില്ല എന്ന് മനസ്സിലാക്കുമ്പോൾ, ക്രീയേറ്റീവ് ജീനിയസുകളായ ഇവറ്റകൾ പടച്ചു വിടുന്ന കേട്ടാൽ ആരും വിശ്വസിച്ചു പോകുന്ന കെട്ടുകഥകളുടെ ഇടയിൽ അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വരുമ്പോൾ.) ഇങ്ങനെയൊക്കെ, ഇത്രയൊക്കെ എല്ലാം സഹിച്ച് ആ സിനിമയോടൊപ്പം നിന്ന എന്റെ പേര്, കാസ്റ്റ് ലിസ്റ്റിൽ പോലും ഇവർ ഉൾപ്പെടുത്തിയില്ല. ഒരു ട്രാൻസ്ജെന്റർ ഈ സിനിമയുടെ ഭാഗം ആണെന്നത് അവർക്ക് ഒരു കുറച്ചിൽ ആയാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ കാണുന്നത്.

ഈ സിനിമയുടെ ട്രെയ്ലർ റിലീസ് ആയ വിവരം, ഒരു സുഹൃത്ത് വഴിയാണ് ഞാൻ അരിഞ്ഞത് പോലും. ആ ട്രെയിലറിന്റെ ഡിസ്‌ക്രിപ്ഷനിൽ നിന്നാണ് ഈ സിനിമ അടുത്തയാഴ്ച റിലീസ് ആകുന്നു എന്നും ഞാൻ മനസ്സിലാക്കിയത്. അതായാത് ഒരു ട്രാൻസ്ജെന്റർ വ്യക്തി ആയതിന്റെ പേരിൽ, ഈ സിനിമയുടെ റിലീസ് ഡേറ്റ് പോലും എന്നെ അറിയിക്കാനുള്ള മര്യാദ കാണിക്കേണ്ടതില്ല എന്ന് അവർ തീരുമാനിച്ചിരിക്കുന്നു.

ഈ സിനിമയുടെ സെറ്റിൽ കഞ്ചാവിന്റെ ഉപയോഗവും വളരെ സാധാരണമായിരുന്നു. ആ സമയത്ത് ഒരു പ്രമുഖ നടന്റെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മലയാള സിനിമാ ഷൂട്ടിങ് നടക്കുന്ന ഇടങ്ങളിലൊക്കെ അന്വേഷണം ശക്തമായിരുന്നപ്പോൾ പോലും കഞ്ചാവിന്റെ ഉപയോഗം വളരെ ശക്തമായി തന്നെ അവിടെ തുടർന്നിരുന്നു. എടക്കര എന്ന സ്ഥലത്ത് ഷൂട്ടിങ് നടക്കുമ്പോൾ, പൊതിച്ചോർ കൊണ്ടുവരും പോലെയായിരുന്നു അവിടെ കഞ്ചാവ് പൊതികൾ കൊണ്ടുവന്നിരുന്നത്. ഇത് നേരിട്ട് കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ.

ഈ വിഷയത്തിൽ അന്വേഷണത്തിന് ഏതെങ്കിലും അന്വേഷണ ഏജൻസികൾ മുതിർന്നാൽ, എന്നാൽ കഴിയുന്ന എല്ലാ സഹകരണവും ഉണ്ടാകും. അത്തരം, ഒരു അന്വേഷണം ഉണ്ടായാൽ... എനിക്ക് അറിയുന്ന എല്ലാ വിവരങ്ങളും പങ്കുവെയ്ക്കാനും ഞാൻ തയാറാണ്. കിടപ്പറ പങ്കിടാതെയും അവഹേളനങ്ങൾ നേരിടാതെയും പുതുമുഖം എന്ന ചൂഷണം നേരിടാതെയും ഒരു അഭിനേതാവിന് സിനിമയിൽ നിലനിൽക്കാൻ കഴിയുന്ന ഒരു നാളെ ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിച്ച് നിർത്തുന്നു.

Read more topics:
Show More

Related Articles

Close