News

തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ മകൾക്ക് നേരെ പാഞ്ഞെടുത്ത് അച്ഛൻ; തളർന്ന് വീണ വൽസരാജിനെ ആശ്വസിപ്പിക്കാനാവാതെ കണ്ണ് തുടച്ച് നാട്ടുകാർ

കണ്ണൂർ: തയ്യിലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് ശരണ്യ ഒറ്റയ്‌ക്കെന്ന് പൊലീസ് വ്യക്തമാക്കി. കാമുകനും ഭർത്താവിനും പങ്കില്ലെന്ന് സിറ്റി സിഐ. പി.ആർ.സതീശൻ പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്ത് വിട്ടയച്ചു. ശരണ്യയുടെ തെളിവെടുപ്പ് പൂർത്തിയായി. തയ്യിൽ കടപ്പുറത്തെ വീട്ടിലും, കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയ കടൽ ഭിത്തിയിലും എത്തിച്ച് തെളിവെടുത്തു. കടൽഭിത്തിയിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയത് എങ്ങിനെയാണെന്ന് ഒരു ഭാവഭേദവുമില്ലാതെയാണ് പ്രതി വിശദീകരിച്ചത്.

പ്രതിക്കു നേരെ കൈയേറ്റ ശ്രമവുമുണ്ടായി. കനത്ത സുരക്ഷയിലാണ് പൊലീസ് തെളിവെടുപ്പ് പൂർത്തീകരിച്ച് മടങ്ങിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകീട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. കുട്ടിയെ കടൽഭിത്തിയിലെ പാറക്കെട്ടുകളിലേയ്ക്ക് വലിച്ചെറിഞ്ഞാണ് കൊന്നതെന്നും അമ്മ അന്വേഷണസംഘത്തോട് സമ്മതിച്ചു. കണ്ണൂരിൽ കുഞ്ഞിനെ കൊന്ന ശരണ്യയെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത് കനത്ത സുരക്ഷയിലാണ്. തെളിവെടുപ്പിൽ ഭൂരിഭാഗം സമയവും ശരണ്യ നിർവികാരയായി കാണപ്പെട്ടു. എന്നാൽ, കുഞ്ഞിനെ വലിച്ചെറിഞ്ഞ പാറക്കെട്ടിൽ പൊലീസ് എത്തിച്ചപ്പോൾ ശരണ്യ ചെറുതായി ഒന്നു തേങ്ങി. അതിന് അപ്പുറത്തേക്ക് ഒരു ഭാവഭേദവുമുണ്ടായില്ല. ഇത് പൊലീസിനേയും ഞെട്ടിച്ചു. സംഭവ സ്ഥലത്ത് ശരണ്യ കരഞ്ഞ് തളരുമെന്ന് കരുതിയ പൊലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ സംഘത്തെ പോലും കൂടെ കൂട്ടിയാണ് തെളിവെടുപ്പിന് എത്തിയത്.

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയോട് അങ്ങേയറ്റം വൈകാരികമായാണ് നാട്ടുകാരും വീട്ടുകാരും പ്രതികരിച്ചത്. വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് പിന്നീട് വീടിനകത്ത് കുഴഞ്ഞു വീണു. വീടിനകത്തും പിന്നെ കടപ്പുറത്തും തെളിവെടുപ്പിന് എത്തിച്ച ശരണ്യയ്ക്ക് നേരെ അസഭ്യ വർഷവുമായി നാട്ടുകാരും ബന്ധുക്കളും എത്തി. സ്ത്രീകളടക്കമുള്ള നാട്ടുകാർ ശരണ്യയെ കായികമായി നേരിടനായി സംഘടിച്ചെത്തിയെങ്കിലും അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് ശരണ്യയുമായി മടങ്ങുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലും നിന്നും ശരണ്യയെ പുറത്തിറക്കിയപ്പോൾ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന വീട്ടമ്മമാരും ഇവർക്ക് നേരെ ആക്രോശവുമായി പാഞ്ഞടുത്തിരുന്നു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പോരും വഴി തെറിവിളികളുമായി സ്ത്രീകളും നാട്ടുകാരും അടക്കമുള്ളവരെ ശരണ്യയെ പിന്തുടർന്നു.

ക്രൂരകൃത്യം ചെയ്ത തന്റെ മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛൻ വത്സരാജ് പറഞ്ഞു. മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. അത്രയും സ്‌നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ കൊന്നു കളഞ്ഞത്. കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങൾക്കാർക്കും വേണ്ടെന്നും ഇനിയൊരാൾക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ് കണ്ണീരോടെ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരൻ വിവാനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തലേദിവസം അമ്മയുടെ വീട്ടിൽ അച്ഛൻ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പൊലീസിൽ പരാതി നൽകുകയും പിന്നീട് നാട്ടുകാരും പൊലീസും കൂടി നടത്തിയ തെരച്ചിലിനൊടുവിൽ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടിൽ നിന്നും അൻപത് മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

Read more topics: # kannur, # murder, # thayyi,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close