Kerala

യുഎപിഎ ചുമത്തി അകത്തിടുന്ന സര്‍ക്കാരിന് ടിപിയെ കൊന്നവരോട് മമത

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ കൂടുതലും പുറത്തു തന്നെ. എപ്പോള്‍ ചോദിച്ചാലും അവര്‍ക്ക് പരോള്‍ ലഭിക്കും. ടി.പി വധക്കേസ് പ്രതികളോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന വിശാലമനസ്‌കത നേരത്തേ തന്നെ വിവാദമായതാണ്. പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന രേഖ. പരോളില്‍ കഴിയുമ്പോഴും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട്, ജയിലിലെ തടവുകാരുടെ കാര്യങ്ങളില്‍ കുഞ്ഞനന്തന്‍ ഇടപെടുന്നുണ്ട്. കണ്ണൂര്‍ ജയിലിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇയാള്‍ 'അനന്തേട്ട'നാണ്.

ഈ സര്‍ക്കാറിന്റെ കാലത്ത് സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന് ലഭിച്ചത് 257 ദിവസത്തെ പരോളാണ്. 135 ദിവസത്തെ സാധാരണ പരോളും 122 ദിവസത്തെ അടിയന്തര പരോളും. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞനന്തന്‍. പരോളിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനം കെ.സി. രാമചന്ദ്രനാണ് -205. 185 ദിവസത്തെ സാധാരണ പരോളും 20 ദിവസത്തെ അടിയന്തര പരോളും. ആറാം പ്രതി സിജിത്തിനാണ് ഏറ്റവും കൂടുതല്‍ അടിയന്തര പരോള്‍ അനുവദിച്ചത്. 135 അടിയന്തര പരോളടക്കം 186 ദിവസം സിജിത്ത് പുറത്തുണ്ടായിരുന്നു.

അനൂപ് -120, ഷിനോജ് -105, മുഹമ്മദ് ഷാഫി -135, കിര്‍മാണി മനോജ് -120, റഫീക്ക് -125, ടി.കെ. രജീഷ് -90, സി. മനോജ് -117ഉം പരോളുകള്‍ ലഭിച്ചു. ഒന്നാം പ്രതി കൊടി സുനിയെന്ന സുനില്‍ കുമാറാണ് പരോളുകളില്‍ പിന്നില്‍. -60 ദിവസം. കൊടി സുനിക്കും ഷിനോജിനും ടി.കെ. രജീഷിനും അടിയന്തര പരോള്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന നിയമസഭ സമ്മേളനത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ ഉന്നയിച്ച ചോദ്യത്തിന് ഇന്നലെയാണ് മറുപടി നല്‍കിയത്. പരോളിലിറങ്ങിയ കൊടി സുനി എന്ന സുനില്‍ കുമാര്‍ മറ്റൊരു കേസില്‍ അറസ്റ്റിലാവുകയും മറ്റൊരു പ്രതി മുഹമ്മദ് ഷാഫി ചികിത്സക്ക് അടിയന്തിര പരോളിലിറങ്ങി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.

കൊടി സുനിക്കും ഷിനോജിനും രജീഷിനും അടിയന്തര പരോള്‍ നല്‍കാത്തിന് കാരണം പൊലീസ് റിപ്പോര്‍ട്ട് അനുകൂലമാകാത്തതാണ്. കഴിഞ്ഞ ജൂണിലെ നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യത്തിനാണു മുഖ്യമന്ത്രി ഇന്നലെ മറുപടി നല്‍കിയത്. ടി.പി. വധക്കേസ് പ്രതികള്‍ക്കു പിണറായി സര്‍ക്കാര്‍ കൈയയച്ച് പരോള്‍ നല്‍കിയതിന്റെ തെളിവുകള്‍ മുമ്പും പുറത്തുവന്നിരുന്നു. ഇതേച്ചൊല്ലി വിവാദങ്ങളുയര്‍ന്നിട്ടും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നു മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. കുഞ്ഞനന്തനു ശിക്ഷായിളവ് നല്‍കി ജയില്‍ മോചിതനാക്കാന്‍ നടത്തിയ ശ്രമം പാളിയതിനേത്തുടര്‍ന്നാണ് യഥേഷ്ടം പരോള്‍ തുടരുന്നത്.

പരോളിന്റെ കാര്യത്തില്‍ പിന്നിലാണെങ്കിലും മൊബൈല്‍ ഫോണിലൂടെ നിര്‍ദ്ദേശം നല്‍കി ക്വട്ടേഷനുകള്‍ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം വരെ കൊടി സുനിക്കു ജയിലില്‍ ലഭിച്ചിരുന്നു. 10 ദിവസത്തേക്കു പുറത്തിറങ്ങിയ പ്രതികള്‍ക്കു പലപ്പോഴും പരോള്‍ നീട്ടിനല്‍കുയായിരുന്നു. ജയില്‍ വകുപ്പില്‍ അടുത്തിടെ ഡി.ജി.പി. ഋഷിരാജ് സിങ് ശുദ്ധീകരണത്തിനു തുടക്കമിട്ടെങ്കിലും ജയില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതില്‍ മാത്രം ഒതുങ്ങി. അതിന് അപ്പുറത്തേക്ക് ഋഷിരാജ് സിങിനും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.

 

Read more topics: # kunjananthan, # tp murder case, # uapa,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close