Kerala

പുതുക്കാട്ടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും കാമുകനും കൊല്ലത്ത് പിടിയില്‍; വടക്കാഞ്ചേരിക്കാരിയുള്ളത് കാസര്‍ഗോട്ട്; പാവറട്ടിയില്‍ ഡിഗ്രിക്കാരിയും വീടുവിട്ടത് കല്യാണം കഴിക്കാന്‍; ആദ്യ ഒളിച്ചോട്ടം പോക്‌സോ കേസില്‍ പെട്ടിട്ടും കാമുകനെ കൈവിടാതെ കൗമാരക്കാരി; ഓട്ടോ ഡ്രൈവറുടെ ടാക്‌സ് പ്രാക്ടീഷണറായ കാമുകിയുള്ളത് പ്രണയിതാവിനൊപ്പം; ആറില്‍ അഞ്ചു പെണ്‍കുട്ടികളും പോയത് കാമുകര്‍ക്കൊപ്പം; തൃശൂരിനെ നടുക്കിയ കാണാതാകലുകളില്‍ നടന്നത് അതിവേഗ അന്വേഷണം: വില്ലന്‍ ഫെയ്‌സ് ബുക്കും സോഷ്യല്‍ മീഡിയയും

തൃശൂര്‍: തൃശൂരില്‍ നിന്ന് കാണാതായ ആറു പെണ്‍കുട്ടികളും സുരക്ഷിതര്‍. ആറു പെണ്‍കുട്ടികളില്‍ അഞ്ചു പെണ്‍കുട്ടികളും കാമുകന്മാരോടൊപ്പമാണ് ഒളിച്ചോടിയത്. ഇവരെല്ലാം വിവിധയിടങ്ങളില്‍ സുരക്ഷിതരാണെന്ന് പൊലീസിനു വിവരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അയന്തോളിലെ പെണ്‍കുട്ടി എറണാകുളത്തുള്ള അച്ഛന്റെ വീട്ടിലേക്കാണ് പോയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാണാതായവരില്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥിനിയെ കാമുകനൊപ്പം കണ്ടെത്തി കസ്റ്റഡിയില്‍ വച്ചിരിക്കുന്നതുകൊല്ലം പൊലീസാണ്.

പുതുക്കാട് നിന്നുള്ള ഈ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടാന്‍ പുതുക്കാട് പൊലീസ് കൊല്ലത്തേക്ക് തിരിച്ചിട്ടുമുണ്ട്. പൊലീസിനെയും വീട്ടുകാരെയും പരിഭ്രാന്തരാക്കിയ നാടുവിടല്‍ നാടകത്തിനാണ് ആശ്വാസകരമായ പര്യവസാനം കണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂരെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് ആറു പെണ്‍കുട്ടികളെ കാണാതായത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗവാര്‍ത്തകള്‍ക്കൊണ്ട് കേരളം നടുങ്ങുന്ന വേളയില്‍ തന്നെയാണ് ആറു പെണ്‍കുട്ടികള്‍ തൃശൂര്‍ ജില്ലയില്‍ നിന്നു ഒറ്റയടിക്ക് കാണാതാകുന്നത്. എല്ലാവരും സ്വമനസ്സാലെ തന്നെ ഇറങ്ങിത്തിരിച്ചവരാണ്. എല്ലാവരെയും പൊലീസ് കണ്ടെത്തുകയോ ഇവര്‍ ഏതൊക്കെ സ്ഥലങ്ങളില്‍ തങ്ങുന്നു എന്ന് ഉറപ്പിക്കുകയും ചെയ്തു.

അയ്യന്തോള്‍ നിന്ന് കാണാതായ പെണ്‍കുട്ടി എറണാകുളത്തുള്ള അച്ഛന്റെ വീട്ടില്‍ പോയി. ഈ കുട്ടി സുരക്ഷിതമെന്നാണ് അയന്തോള്‍ പൊലീസ് മറുനാടനോട് പറഞ്ഞത്. ചാലക്കുടിയില്‍ നിന്ന് ഇന്നലെ കാണാതായ ടാക്സ് പ്രാക്ടീഷണര്‍ ആയ പെണ്‍കുട്ടി ചൗക്കയിലുള്ള ഒരു ഓട്ടോ ഡ്രൈവറുമായി അടുപ്പത്തിലായിരുന്നു. ഈ ഓട്ടോ ഡ്രൈവറെ വിവാഹം കഴിക്കാനാണ് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിത്തിരിച്ചത്. നാല് മാസം മുന്‍പ് തുടങ്ങിയ പ്രണയമാണ് ഇവര്‍ വിവാഹത്തിലേക്ക് നീക്കിയത്. യുവാവിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരമാണ് പൊലീസ് കേസ് എടുത്ത് പരാതി നല്‍കിയത്.

വടക്കാഞ്ചേരിയില്‍ നിന്ന് കാണാതായ യുവതി കാസര്‍കോട് ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് ഒപ്പമുള്ള ചെറുക്കന്റെ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് ഇവര്‍ കാസര്‍കോട് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചത്. വിവാഹം കഴിഞ്ഞ യുവതിയാണിത്. ഇതിനു മുന്‍പും യുവതി വീട് വിട്ടു പോയിട്ടുണ്ട്. പെണ്‍കുട്ടിയെ സുരക്ഷിതമായി തിരികെ എത്തിക്കാം എന്ന് ചെറുക്കന്റെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അത് പ്രകാരം പൊലീസ് ഇവരുടെ വരവ് കാക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം കേസ് എടുത്തിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസ് പറയുന്നു.

പാവറട്ടിയിലെ പെണ്‍കുട്ടി ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. പ്രണയം വിവാഹത്തില്‍ എത്തിക്കാന്‍ തന്നെയാണ് പെണ്‍കുട്ടി കാമുകനൊപ്പം സ്ഥലം വിട്ടത്. ഗുരുവായൂരിലെ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. വിവാഹം കഴിക്കാനാണ് പെണ്‍കുട്ടി കാമുകനൊപ്പം ഇറങ്ങിത്തിരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ പാവറട്ടി സ്റ്റേഷനില്‍ എത്താം എന്ന് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഒരു പയ്യനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. അവര്‍ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് പറഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് പാവറട്ടി പൊലീസും ഇവരെ കാത്തിരിക്കുകയാണ്.

വ്യത്യസ്തമായ കഥയാണ് മറ്റൊരു പെണ്‍കുട്ടിയുടേത്. കൗമാരപ്രായത്തില്‍ തന്നെ പ്രായം തികയാത്ത കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയാണിത്. രണ്ടു പേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍ പ്രായപൂര്‍ത്തിയായപ്പോള്‍ പെണ്‍കുട്ടി വീണ്ടും ഇതേ പയ്യനുമായി ഒളിച്ചോടി. ആനപ്പാറ സ്വദേശിയാണ് പയ്യന്‍. ഹൈദ്രബാദില്‍ പയ്യന് ജോലിയുണ്ട്. പെണ്‍കുട്ടി ഇതേ പയ്യന് ഒപ്പമുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇവര്‍ എവിടെയുണ്ട് എന്ന വ്യക്തമായ സൂചനകള്‍ മാള പൊലീസിന്റെ കയ്യിലുണ്ട്. തൃശൂര്‍ വിട്ടിട്ടില്ലെന്നും പൊലീസ് അറിഞ്ഞിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതിനാല്‍ ഇവര്‍ സ്റ്റേഷനില്‍ എത്താം എന്നുള്ള മറുപടിയാണ് പൊലീസിന് നല്‍കിയത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ പരാതി ലഭിച്ചപ്പോള്‍തന്നെ പുതുക്കാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇന്നലെ രാത്രിയാണ് പുതുക്കാട് നിന്നും പെണ്‍കുട്ടിയെ കാണാതായത്. പരാതി കിട്ടിയപ്പോള്‍ തന്നെ പൊലീസ് അന്വേഷണവും തുടങ്ങി. ഒരു പയ്യന് ഒപ്പം ഒളിച്ചോടിയതായ സൂചനകള്‍ പൊലീസിനു ഉടനടി തന്നെ ലഭിച്ചു. കൊല്ലം പൊലീസ് ആണ് യുവാവിനെയും പെണ്‍കുട്ടിയെയും തടഞ്ഞു വെച്ച് വനിതാ സ്റ്റെഷനിലേക്ക് മാറ്റിയത്. ഇവര്‍ വിവരം പുതുക്കാട് പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇവരെ കൂട്ടിവരാന്‍ പുതുക്കാട് പൊലീസ് കൊല്ലത്ത് പോയിട്ടുണ്ട്.

എല്ലാ പ്രണയങ്ങള്‍ക്കും പിന്നിലും പ്രധാന ഘടകം വാട്സാപ്പും ഫെയ്സ് ബുക്കുമാണ്. ഇവയിലൂടെ പരിചയപ്പെട്ടവരും സൗഹൃദം ദൃഢപ്പെട്ടവരുമാണ് ഒളിച്ചോടിയത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരെ കൊണ്ടു പോയവര്‍ പോക്സോ കേസിലും കുടുങ്ങും. ഹൈദരാബാദിലേക്കുള്ള ഒളിച്ചോട്ടം ഗൗരവമായ നിയമ പ്രശ്നങ്ങളും ഉണ്ടാക്കും. ഏതായാലും എല്ലാവരേയും കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് തൃശൂര്‍ പൊലീസ്

 

Read more topics: # thrissur, # missing,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close