News
കുഞ്ഞിനെ കാണാതായതിനൊപ്പം അച്ഛന്റെ ചെരുപ്പുകളും നഷ്ടമായി; വഴിത്തിരവായത് കുട്ടിയെ ഒഴിവാക്കുന്നതുകൊണ്ട് ആർക്കാണ് ലാഭമെന്ന ചോദ്യം
കൂടത്തായിയിലെ ജോളിയുടെ ക്രൂരത പൊളിച്ച കേരളാ പൊലീസ് അന്വേഷണ മികവിന്റെ പുതിയൊരു കഥയാണ് എഴുതി ചേർത്ത്. ടോമിൻ തച്ചങ്കരിയുടെ ക്രൈംബ്രാഞ്ച് മുക്കത്തെ ഇരട്ടക്കൊല തെളിയിച്ചതും വർഷങ്ങൾക്ക് ശേഷം. അതിബുദ്ധിയുമായി ഭാര്യയെ കൊന്ന് തമിഴ്നാട്ടിൽ തള്ളിയ പേയാട്ടെ കൊലപാതകത്തിന്റെ വേരുകളും പൊലീസ് അറത്തെടുത്തു. അമ്പൂരിയിലെ കൊലയിലെ സത്യം പുറത്തു കൊണ്ടു വന്നതും കേരളാ പൊലീസിന്റെ അന്വേഷണ മികവ്. അഴിമതി വിവാദങ്ങളിൽ പൊലീസ് മുങ്ങി നിൽക്കുമ്പോഴാണ് കണ്ണൂരിലെ തയ്യിലിലെ ഒന്നര വയസ്സുകാരന്റെ കൊലയിൽ പ്രതിയെ പൊലീസ് കണ്ടെത്തുന്നത്. തയ്യലിലെ പ്രതി കുട്ടിയുടെ അമ്മയായിരുന്നു. കാമുകന് വേണ്ടി അമ്മ നടത്തിയ കൊലപാതകം.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകൾ കാണാതായിരുന്നു. അതു ചർച്ചയാക്കിയതും മനപ്പൂർവ്വമായിരുന്നു. കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകൾ കടലിലോ മറ്റോ പോയിരിക്കാമെന്ന സംശയം ഉയർന്നു. അതായത് വീട്ടിൽ ഉറങ്ങാൻ കിടന്ന ശേഷം പ്രണവ് പുറത്തിറങ്ങിയെന്ന് പൊലീസിനെ ബോധ്യപ്പെടുത്താനുള്ള നീക്കം. എന്നാൽ, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടിൽ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്ന നിഗമനങ്ങളും ഇതിനിടെ ചർച്ചയായി. ഇതോടെ പൊലീസ് ചെരുപ്പ് കഥ വിട്ടു.
അതോടെ രണ്ടു പേരിലേക്കുമായി അന്വേഷണം. കുഞ്ഞ് ഇല്ലാതായാൽ ആർക്കാണു ഗുണം എന്നു പൊലീസ് തലപുകഞ്ഞു. ഇതിന്റെ ഉത്തരം ശരണ്യ എന്നായിരുന്നു. പ്രണവ് ഇത്രയും കാലം ഭാര്യയും കുഞ്ഞുമായി അകന്നു കഴിയുകയായിരുന്നു. അയാൾക്കു മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ അതുകൊണ്ടു തന്നെ ഭാര്യയും കുഞ്ഞും തടസ്സമല്ല. എന്നാൽ കുഞ്ഞിനെ സംരക്ഷിക്കുന്ന ശരണ്യയ്ക്കു കുഞ്ഞൊരു തടസ്സമാകും. ഇതോടെ പതിവ് രീതികൾ പിന്തുടരാൻ തീരുമാനിച്ചു. ശരണ്യയുടെ ഫോൺ കോൾ പരിശോധിച്ചു. ഇതോടെ കാമുകനെ തിരിച്ചറിഞ്ഞു. പ്രണവിനോട് തിരക്കിയപ്പോൾ പ്രണവിനും എല്ലാം അറിയാം. അങ്ങനെ കാമുക കഥ ഉറപ്പിച്ചു.
ഈ ചിന്തയാണു ശരണ്യയുടെ ഫോൺ കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ ഒരേ നമ്പറിലേക്ക് അസമയത്ത് ഒട്ടേറെ വിളികൾ കണ്ടെത്തിയതാണ് നിർണ്ണായകമായത്. ചാറ്റുകളും സംശയം കൂട്ടി. കടൽവെള്ളം കയറിയിറങ്ങുന്ന കരിങ്കൽക്കൂട്ടത്തിനിടയിലാണു കുഞ്ഞിന്റെ മൃതദേഹം കിടന്നിരുന്നത്. കുഞ്ഞുമായി അവിടെയെത്തിയത് ആരായാലും അയാളുടെ വസ്ത്രത്തിലോ ദേഹത്തോ ഉപ്പുവെള്ളം പറ്റിയിട്ടുണ്ടാകുമെന്നു പൊലീസ് കണക്കുകൂട്ടി. ഇരുവരും രാവിലെ ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരിപ്പുകളും കണ്ണൂർ റീജനൽ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ശരണ്യയ്ക്ക് എതിരായി. എന്തിന് രാത്രി വസ്ത്രത്തിൽ കടൽത്തീരത്ത് പോയതെന്ന ചോദ്യം ശരണ്യയെ കുടുക്കി. അങ്ങനെ സത്യം അവർ സമ്മതിച്ചു.
കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ, സിറ്റി ഇൻസ്പെക്ടർ പി.ആർ.സതീശൻ, എസ്ഐമാരായ നെൽസൺ നിക്കോളാസ്, സുനിൽകുമാർ, എഎസ്ഐമാരായ അജയൻ, ഷാജി, സീനിയർ സിപിഒമാരായ ഷാജി, സന്ദീപ്, ഗഫൂർ, എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ സുജിത്, മിഥുൻ, സുഭാഷ്, മഹേഷ്, അജിത് എന്നിവരടങ്ങിയ ടീമാണ് അന്വേഷണം നടത്തിയത്. അമ്മയുടെ കൊടുംക്രൂരതയും അതിബുദ്ധിയും പൊളിഞ്ഞത് ശാസ്ത്രീയ പരിശോധനയിലൂടെയും പൊലീസിന്റെ കൃത്യമായ ചോദ്യം ചെയ്യലിലൂടെയും. വീട്ടിലെ കിടപ്പുമുറിയിൽനിന്ന് കാണാതായ വിയാൻ എന്ന ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിന്റെ ചുരുൾ അഴിച്ചത് അതിവേഗമാണ്.
കണ്ണൂർ തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്റെ മൃതദേഹമായിരുന്നു തിങ്കളാഴ്ച രാവിലെ തയ്യിൽ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കൽഭിത്തികൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കുട്ടിയുടെ മാതാവ് ശരണ്യ കുറ്റം സമ്മതിച്ചത്. മൂർധാവിലേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കുട്ടിയെ തലക്കടിച്ച് കടലിലേക്ക് എറിയുകയായിരുന്നു. കുട്ടി കടൽവെള്ളം കുടിച്ചിട്ടില്ല. ഇതോടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.