News

അഖിലിനെ കുത്തി മലര്‍ത്തിയ നസീം ഇനി പോലീസുകാരാനവും

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിയായ അഖിലിനെ കുത്തിയ ഗുണ്ടാ സംഘത്തിന്റെ നേതാവ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ്എഫ്‌ഐ നേതാവ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന നസീം നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഈ കേസ് പിണറായി സർക്കാർ ഒതുക്കി തീർത്താണ് പൊലീസ് നിയമനത്തിന് നസീമിന് വഴിയൊരുക്കിയത്. ഇതിനിടെയാണ് പുതിയ വിവാദം. സിപിഎമ്മിൽ പി ജയരാജന്റെ അടുത്ത അനുയായിയാണ് നസീം. നസീമിന്റെ പ്രധാന ആരാധനാ നേതാവും ജയരാജൻ തന്നെ. ഇതിനൊപ്പം അനുസരിക്കുന്നത് പിണറായി വിജയന്റെ നിർദ്ദേശവും. അങ്ങനെ തിരുവനന്തപുരത്തെ കണ്ണൂർ മോഡൽ സിപിഎം രാഷ്ട്രീയത്തിന്റെ യഥാർത്ഥ വക്താവാണ് നസീം. അഖിലിനെ കുത്തിയ കേസിൽ നസീം ഒളിവിലാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്

യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐയുടെ മറപറ്റി നടക്കുന്നത് തീവ്ര ഇസ്ലാമിസ്റ്റ് ആശയം പടർത്തുന്ന എസ്.ഡി.പി.ഐയുടെ പ്രവർത്തനമെന്ന ആരോപണവും ശക്തമാണ്. പകൽ എസ്.എഫ്ഐ പ്രവർത്തകരായി നടക്കുന്ന പലരും രാത്രിയിൽ എസ്.ഡി.പിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അഖിലിന്റെ നെഞ്ചത്ത് ഏറ്റകുത്ത് കൃത്യമായ പരിശീലനം ലഭിച്ച ക്രിമിനലിന്റെത് പോലെയുള്ളതാണെന്ന് പൊലീസും സമ്മതിക്കുന്നു. കൃത്യമായ പദ്ധതി തയാറാക്കിയാണ് അഖിലിനെ കുത്തിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ അഖിലിനെ കുത്തിയത് നസീം അല്ല. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ്. എങ്കിലും എല്ലാത്തിനും നേതൃത്വവും നിർദ്ദേശവും നൽകുന്നത് നസീമാണ്. അതുകൊണ്ട് തന്നെ എസ് എഫ് ഐയിലേക്ക് തീവ്രവാദ സംഘടനാ പ്രവർത്തകരുടെ നുഴഞ്ഞു കയറ്റത്തിന് സമാനമായി ഇതിനെ കാണുന്നവരുണ്ട്. ഏതായാലും പൊലീസുകാരനെ തല്ലിയപ്പോൾ സർക്കാരും പൊലീസും എസ് എഫ് ഐയും നൽകിയ അകമഴിഞ്ഞ പിന്തുണയാണ് നസീമിനെ വലിയ ഗുണ്ടയാക്കി മാറ്റിയത്.

അഖിലടക്കം വിദ്യാർത്ഥികളെ ആക്രമിച്ചത് നസീമിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. നസീം ഉൾപ്പെടെ അഞ്ചു പേർക്കെതിരേ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എസ്എഫ്‌ഐ നേതാവ് നസീം സ്ഥിരം ക്രിമിനൽ കേസുകളിൽ പ്രതിയണെന്നും വ്യക്തമായി. പാളയത്ത് പട്ടാപ്പകൽ ട്രാഫിക് പൊലീസുകാരനെ തല്ലിച്ചതച്ചതും നസീമും കൂട്ടാളികളുമാണ്. ആക്രമണം നടത്തിയിട്ടും മാസങ്ങളോളം നസീമിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. നസീം ഒളിവിലാണെന്ന വിചിത്ര വാദമാണ് പൊലീസ് സ്വീകരിച്ചത്. പിന്നീട് കീഴടങ്ങി. എങ്കിലും കേസ് ഒതുക്കി തീർക്കാനായിരുന്നു ശ്രമം. അന്ന് എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ എന്നിവരെയാണ് എസ്എഫ്‌ഐ നേതാവ് നസീമും പ്രവർത്തകരും ക്രൂരമായി മർദിച്ചത്.

പാളയം യുദ്ധസ്മാരകത്തിനു മുന്നിലായിരുന്നു സംഭവം. ബൈക്കിൽ വന്ന എസ്എഫ്‌ഐ പ്രവർത്തകൻ സിഗ്‌നൽ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാർത്ഥി അമൽ കൃഷ്ണയുടെ യൂണിഫോമിൽ പിടിക്കുകയും മർദിക്കുകയും ചെയ്തു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാൻ ശ്രമിച്ചപ്പോൾ അവരെയും വിദ്യാർത്ഥി ആക്രമിച്ചു. മൂന്നുപൊലീസുകാരും ചേർന്നു പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിമാറി. ഉടൻ എസ്എഫ്‌ഐ നേതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇരുപതോളം എസ്എഫ്‌ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാൻ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികൾ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.

മർദനത്തിനു തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായിരുന്നു അന്ന് നസീം. എന്നാൽ നസീമിനെ തൊടാൻ പോലും പൊലീസിനായില്ല. എല്ലാ പ്രതികളും പിടിയിലായിട്ടും നസീമിനെ വെറുതെ വിടാൻ പൊലീസ് മനപ്പൂർവ്വം ശ്രമിച്ചു. പൊലീസുകാരെ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റാൻ ശ്രമിച്ചു. ചില പ്രതികളെ പിടികൂടിയ എസ് ഐയേയും മാറ്റി. എല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു കൊണ്ടാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. നസീമിനെ പൊലീസുകാരനാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. എല്ലായ്‌പ്പോഴും പൊലീസിനുള്ളിൽ കടുത്ത പാർട്ടി വിശ്വാസമുള്ളവരെ എത്തിക്കുന്ന പതിവുണ്ട്. ഇതിലേക്ക് പുതുതായി സിപിഎം കണ്ടുവച്ച നേതാവായിരുന്നു നസീം. ഇതുകൊണ്ടാണ് നസീമിനെതിരെ പൊലീസ് കേസെടുക്കാൻ മടിച്ചതും. ഒടുവിൽ സമ്മർദ്ദം കാരണം എല്ലാം മാറി മറിഞ്ഞു. ഈ കേസ് എങ്ങനേയും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവം.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close