News
ഇന്ത്യയോ പാകിസ്ഥാനോ നമ്മുടെ ശത്രുക്കളല്ല... പ്ലീസ് യുദ്ധം അരുത്; യുദ്ധത്തെ തള്ളിപ്പറഞ്ഞ് പാകിസ്ഥാന് മുന്‍ ക്യാപ്റ്റന്‍
യുദ്ധത്തിനെതിരെ അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വസിം അക്രം. ഇന്ത്യയും പാകിസ്ഥാനും നടത്തുന്ന അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതികരണവുമായാണ് പാകിസ്ഥാന് വസീം അക്രം ട്വിറ്ററില്‍ കുറിച്ചത്. ഹൃദയത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ഇന്ത്യയോ പാക്കിസ്ഥാനോ നമ്മുടെ ശത്രുക്കളല്ലെന്ന് വസീം അക്രം ട്വീറ്റില്‍ പറയുന്നു. ഇന്ത്യയോ പാക്കിസ്ഥാനോ നമ്മുടെ ശത്രുക്കളല്ല. നിങ്ങളുടെ ശത്രു ഞങ്ങളുടേയും ശത്രുക്കളാണ്. നമ്മള് ഒരേ പ്രശ്നത്തെ അഭിമുഖീകരിക്കുന്നവരാണെന്ന് മനസിലാക്കാന്‍ ഇനിയും എത്രമാത്രം രക്തം ചിന്തേണ്ടി വരും. രാജ്യത്തുനിന്നും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ നമ്മുടെ സഹോദരങ്ങള്‍ സൈന്യത്തില്‍ അവശേഷിക്കണമെന്നും വസീം അക്രം ട്വീറ്റില്‍ കുറിച്ചു.
# TogetherWeWin # NoToWar എന്ന ഹാഷ്ടാഗോടെയാണ് വസിം ട്വീറ്റ് ചെയ്തിരിക്കുന്നത്. വസിം അക്രമിനെ സപ്പോര്‍ട്ട് ചെയ്ത് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
പാകിസ്ഥാന്റെ നടപടികള്‍ക്കെതിരെ പാകിസ്ഥാനില്‍ നിന്നുതന്നെ നിരവധി പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നുണ്ട്. പാകിസ്ഥാനെ ഒന്നായി എതിര്‍ക്കുമ്പോള്‍ യുദ്ധത്തെയും തീവ്രവാദത്തെയും എതിര്‍ക്കുന്ന നിരവധി പേരാണ് പാകിസ്ഥാനിലുള്ളത്. ലോകമൊന്നാകെ പാകിസ്ഥാനെ ഒറ്റപ്പെടുത്തുമ്പോഴും നന്മവറ്റാത്ത നിരവധി മനുഷ്യര്‍ പാകിസ്ഥാനിലും ഉണ്ടെന്ന് ലോകം തിരിച്ചറിയണം.
നിലവിലെ പ്രശ്നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് നോബേല്‍ പുരസ്ക്കാര ജേതാവ് മലാല യൂസഫ് സായിയും പറഞ്ഞിരുന്നു. പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നായിരുന്നു മലാല പറഞ്ഞത്. യുദ്ധഭീകരതയെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണെന്നും ഒരിക്കല്‍ തുടങ്ങിയാല്‍ അതവസാനിപ്പിക്കല്‍ എളുപ്പമായിരിക്കില്ലെന്നും മലാല ഓര്‍മ്മിപ്പിച്ചു. നിലവില്‍ ഉള്ള യുദ്ധങ്ങള്‍ കാരണം നിരവധിപ്പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അതിനാല്‍ തന്നെ മറ്റൊരു യുദ്ധം ഇനി നമുക്ക് വേണ്ടെന്നും മലാല ട്വിറ്ററില്‍ കുറിച്ചു. പാക്ക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്റ് അഭിനന്ദന് വര്‍ധമാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരിയും പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി സുള്‍ഫറിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളുമായ ഫാത്തിമ ഭൂട്ടോ പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ആവശ്യപ്പെട്ടിരുന്നു. ഞാനും എന്നെപോലുള്ള നിരവധി യുവ പാക്കിസ്ഥാന് പൗരന്മാരും ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിലൂടെ സമാധാനത്തിനും മാനവികതയ്ക്കുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത കാണിക്കണമെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞിരുന്നു.
ഒരു ജീവിതകാലം മുഴുവന്‍ നമ്മള് യുദ്ധത്തിനായി മാറ്റി വെച്ചു. ഒരു പാക്ക് പട്ടാളക്കാരനും മരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ഇന്ത്യന്‍ പട്ടാളക്കാരന് മരിക്കുന്നതും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മള് അനാഥരുടെ ഒരു ഉപഭൂഖണ്ഡമാകരുതെന്നും ഫാത്തിമ ഭൂട്ടോ തന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നു.