Sports
ഫൈനലിലെ പരാജയം, നിരാശ... പാരീസില്‍ ഏറ്റുമുട്ടല്‍; ആരാധകര്‍ അക്രമകാരികളായി; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്
ഫിഫ ലോകകപ്പ് 2022ന്റെ ഫൈനല്‍ മത്സരത്തില്‍ മുന്‍ ലോകചാമ്പന്യന്‍മാരായ അര്‍ജന്റീനയോട് കരുത്തരായ ഫ്രാഞ്ച് പട മുട്ടുകുത്തിയപ്പോള്‍ പാരീസില്‍ ഉടലെടുത്തത് കടുത്ത സംഘര്‍ഷമെന്ന് റിപ്പോര്‍ട്ട്. ലോകകിരീടം നിലനിര്‍ത്താന്‍ പോരാടിയ ഫ്രാന്‍സ് പരാജയപ്പെട്ടതോടെ നിരാശരായ പൗരന്മാര്‍ തെരുവിലറങ്ങി ദുഃഖം പ്രകടമാക്കിയതാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ലോകകപ്പ് നഷ്ടപ്പെട്ടാല്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍ എത്തുമെന്ന് മുന്‍കൂട്ടി കണ്ടിരുന്ന ഫ്രഞ്ച് പോലീസ് വന്‍ സന്നാഹവുമായാണ് തെരുവുകളില്‍ കാവല്‍ നിന്നിരുന്നത്. പാരീസില്‍ ഉള്‍പ്പെടെ എല്ലാ പ്രധാന ഫ്രഞ്ച് നഗരങ്ങളിലും ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ അധികൃതര്‍ വിന്യസിക്കുകയും ചെയ്തിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവിധ നഗരങ്ങളില്‍ പോലീസിന്റെ പട്രോളിങ് തുടങ്ങി. എന്നാല്‍ ഞായറാഴ്ച വൈകിട്ട് ഫൈനല്‍ മത്സരം അവസാനിച്ചതോടെ കലാപ സമാനമായ സാഹചര്യമായിരുന്നു പാരീസില്‍ ഉടലെടുത്തത്.
നിരാശരായ ആരാധകരെ നിയന്ത്രിക്കാന്‍ ഫ്രഞ്ച് പോലീസിന് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു. നിയമനിര്‍മ്മാതാക്കളുടെ വസതിക്ക് നേരെ പടക്കങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ എറിഞ്ഞു. അക്രമകാരികളായി മാറിയ ജനങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി. ഒടുവില്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെയ്തത്.
സമനിലയില്‍ അവസാനിച്ച ലോകകപ്പ് ഫൈനല്‍ മത്സരം ഒടുവില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു വിജയികളെ തീരുമാനിച്ചത്. 4-2 എന്ന സ്‌കോറിന് ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഷൂട്ടൗട്ടിലൂടെ അര്‍ജന്റീന വിശ്വവിജയികളായി. ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ആരംഭിച്ച മത്സരം രാത്രി 11.30ഓടെയായിരുന്നു അവസാനിച്ചത്. ലോകത്തെ കോടിക്കണക്കിന് ഫുട്ബോള്‍ പ്രേമികളുടെ സ്വപ്ന സാക്ഷാത്കാരമെന്ന പോലെ ലയണല്‍ മെസ്സി കപ്പുയര്‍ത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോഴും ആരാധകര്‍.