News

തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ യൂസഫലി നടത്തിയ ശ്രമത്തെ വിമര്‍ശിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടവര്‍ക്ക് എതിരെയെല്ലാം ലുലു ഗ്രൂപ്പിന്റെ കേസ്; ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അനേകം മലയാളികളെ അറസ്റ്റു ചെയ്തു നാടുകടത്തിയും പൊലീസ്; സൗദി പൊലീസ് അറസ്റ്റു ചെയ്തു ലക്ഷങ്ങള്‍ പിഴ ഈടാക്കിയ ശേഷം നാടു കടത്താന്‍ ഒരുങ്ങിയ മലയാളി രക്ഷപെട്ടത് യൂസഫലിയോട് മാപ്പു പറഞ്ഞ്; മാപ്പു പറയുന്നവര്‍ക്ക് എതിരെയുള്ള പരാതി പിന്‍വലിക്കുന്നതായി ലുലു ഗ്രൂപ്പിന്റെ വിശദീകരണം

അബുദാബി: വിദേശരാജ്യങ്ങളില്‍ ഇരുന്നു സോഷ്യല്‍ മീഡിയയില്‍ മോശമായ വിധത്തില്‍ പോസ്റ്റിട്ടാല്‍ പലപ്പോഴും കടുങ്ങേണ്ടി വരിക കര്‍ശനമായ കേസുകളിലാകും. ഇത്തരം കാര്യങ്ങളിള്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന മുന്നറിയിപ്പുകള്‍ പലപ്പോഴും വാര്‍ത്തകളായി എത്തിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ആരും ഇത്തരം കാര്യങ്ങള്‍ വകവെക്കാതിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഒരാള്‍ പരാതിയുമായി എതത്തിയാല്‍ ഇവരുടെ കാര്യങ്ങള്‍ തകിടം മറിയുകയും ചെയ്യും. പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയതിന്റെ പേരില്‍ പ്രവാസി മലയാളി അഴിക്കുള്ളിലാകേണ്ട അവസ്ഥ പോലുമുണ്ടായി. ഒടുവില്‍ ഈ വ്യക്തിയെ രക്ഷപെടുത്താന്‍ യൂസഫലി തന്നെ രംഗത്തിറങ്ങേണ്ടി വന്നു.

ലുലു ഗ്രൂപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പൊലീസ് കേസ് പിന്‍വലിച്ചത്. അല്‍ ഖോബാറില്‍ താമസിക്കുന്ന മലയാളി യുവാവാണ് യൂസഫലിയെ കുറിച്ച് മോശം ഭാഷയില്‍ സമൂഹമാധ്യമത്തില്‍ പ്രതികരണം നടത്തിയത്. തുടര്‍ന്ന് ലുലു ഗ്രൂപ്പിന്റെ ലീഗല്‍ ടീം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്. പിന്നീട് ഇയാള്‍ സമൂഹമാധ്യമത്തില്‍ ക്ഷമാപണവുമായി എത്തി.വ്യക്തിഹത്യ നടത്തിയാല്‍ വന്‍ തുക പിഴയും നാടുകടത്തലുമാണ് സൗദി സൈബര്‍ നിയമപ്രകാരമുള്ള ശിക്ഷ.

തുഷാര്‍ വെള്ളാപ്പള്ളിയെ സഹായിച്ചെന്ന് ആരോപിച്ച് യൂസഫലിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതോടെ പോസ്റ്റിട്ടവര്‍ക്കെതിരെ യുസഫലി കേസുമായി മുന്നോട്ടു പോയി. പ്രമുഖ വ്യവസായി നല്‍കിയ കേസെന്ന നിലയില്‍ പൊലീസ് നടപടികള്‍ തുടങ്ങിയതോടെ സൗദിയിലും യുഎഇയിലുമെല്ലാം പോസ്റ്റിട്ടവര്‍ ശരിക്കും വെട്ടിലാകുന്ന അവസ്ഥ വന്നു. ഇതോടെ പലരും പോസ്റ്റു പിന്‍വലിച്ചു. ചിലര്‍ യൂസഫലിയോട് ക്ഷമാപണം നടത്തി. ഇത്തരക്കാര്‍ക്ക് കേസില്‍ നിന്നും രക്ഷപെടാനും സാധിച്ചു.

അല്‍ ഖോബാറില്‍ താമസിക്കുന്ന മലയാളി യുവാവ് നല്‍കിയ ക്ഷമാപണം ഇങ്ങനെയാണ്: 'മോശം വാക്കുകള്‍ യൂസഫലിയെ കുറിച്ച് ഫേസ്ബുക്കില്‍ ഉപയോഗിച്ചു. എനിക്ക് തെറ്റ് പറ്റിപ്പോയി. ഈശ്വരനെ വിചാരിച്ച് നിങ്ങളുടെ നല്ല മനസ്സുകൊണ്ട് എനിക്ക് മാപ്പുതരണം. ഇപ്പോ ഇവിടുത്തെ സര്‍ക്കാര്‍ നിയമമനുസരിച്ച് എനിക്ക് ഡിപോര്‍ട്ടേഷന്‍ ആണ്. അതില്‍ നിന്നും എന്നെ രക്ഷിക്കണമെന്നു ഞാന്‍ താഴ്മയോടെ അപേക്ഷിക്കുന്നു. അങ്ങയുടെ നല്ല മനസ്സുകൊണ്ട് ഇതില്‍ നിന്നും ഞാന്‍ രക്ഷപ്പെടുന്നു. അങ്ങേയ്ക്കു ഈശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും ദീര്‍ഘായുസ്സും നല്‍കട്ടേ' മലയാളി യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു.

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കുടുങ്ങിയ ചെക്ക് കേസില്‍ സഹായിച്ചുവെന്നാരോപിച്ചാണ് യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സഭ്യമല്ലാത്തതുമായ വാക്കുകളില്‍ ചിലര്‍ പ്രതികരണം നടത്തിയത്. തുടര്‍ന്ന് ലുലു ഗ്രൂപ്പ് നിയമനടപടി ശക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സൗദിയില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്, അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പൊലീസ് ഇയാളെ മോചിപ്പിക്കുകയായിരുന്നുവെന്ന് ലുലു അധികൃതര്‍ പറഞ്ഞു.

അതേസമയം ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ താന്‍ മനസ്സാക്ഷിക്ക് നിരക്കാത്തതായ ഒന്നും ചെയ്തിട്ടില്ലെന്ന് എം എ യൂസഫലി പറഞ്ഞു. താന്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരും. കുടുംബസുഹൃത്തിന്റെ മകന് ഒരു പ്രശ്നം വന്നപ്പോള്‍ ആ പിതാവിന്റെ അപേക്ഷയനുസരിച്ച് കോടതിയില്‍ കെട്ടിവെക്കാന്‍ പണം നല്‍കുകമാത്രമാണ് ഞാന്‍ ചെയ്തത്. കാരുണ്യ പ്രവര്‍ത്തനം നടത്തുമ്പോള്‍ അവരുടെ പ്രശ്‌നം മാത്രമേ നോക്കാറുള്ളു. അവിടെ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിഷയമാകാറില്ല. യു.എ.ഇ.യില്‍ ശക്തമായ നിയമമുണ്ട്. അതില്‍ ഇടപെടാനൊന്നും ആര്‍ക്കും കഴിയില്ല. ഞാനും അത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. കേസ് കോടതിയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വിഷയത്തില്‍ നടത്തുന്നില്ലെന്നും യൂസഫലി പറഞ്ഞു. ഈ വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ ഭയക്കുന്നില്ല. ഗള്‍ഫ് നാടുകളിലെ ഭരണാധികാരികള്‍ക്ക് തന്നെ നന്നായി അറിയാം. നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ടുള്ള സഹായങ്ങള്‍ ഇനിയും ചെയ്യും. സാമൂഹിക മാധ്യമങ്ങളുടെ ആക്രമണങ്ങള്‍ കൊണ്ട് താന്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും യുസഫലി പറഞ്ഞു. യൂസഫലിക്ക് എതിരെ മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തതിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലായി ആറ് പേര്‍ക്കെതിരേ അതാതിടത്തെ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ.എന്നിവിടങ്ങളിലായിരുന്നു കേസുകള്‍. ബഹ്‌റൈനിലും യു.എ.ഇ.യിലുമായി ഒട്ടേറെപ്പേര്‍ക്കെതിരേ ഇത്തരത്തിലുള്ള പരാതികള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിസ്ഥാനത്തുള്ളവരുടെ ഭാവിയോര്‍ത്ത് കേസുമായി മുന്നോട്ട് പോകേണ്ടതില്ല എന്നാണ് തീരുമാനമെന്നും ലുലു അധികൃതര്‍ അറിയിച്ചു.

 

Read more topics: # YUSUF ALI,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close